യുഫേഫ നേഷൻസ് ലീഗിൽ ബെൽജിയത്തെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ഹോളണ്ട്. പന്ത് കൈവശം വക്കുന്നതിൽ ഇരു ടീമുകളും ഒപ്പത്തിന് ഒപ്പം നിന്ന മത്സരത്തിൽ ബെൽജിയത്തിന്റെ ശ്രമങ്ങൾ 2 തവണ ബാറിൽ തട്ടി മടങ്ങി. 2008 നു ശേഷം സ്വന്തം മൈതാനത്ത് ബെൽജിയം നേരിടുന്ന ഏറ്റവും വലിയ പരാജയം ആണ് ഇത്. ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റിൽ സ്റ്റീവൻ ഡി ജോങിന്റെ പാസിൽ നിന്നു 25 വാർഡ് അകലെ നിന്നു സ്റ്റീവൻ ബെർഗയിൻ ആണ് ഡച്ച് ടീമിന് ആദ്യ ഗോൾ സമ്മാനിച്ചു. രണ്ടാം പകുതിയിൽ തുടക്കത്തിൽ 51 മത്തെ മിനിറ്റിൽ സ്റ്റീവൻ ബെർഗുയിസിന്റെ പാസിൽ നിന്നു മെമ്പിസ് ഡീപെ ഡച്ച് ടീമിന് രണ്ടാം ഗോളും സമ്മാനിച്ചു.
തുടർന്ന് 10 മിനിറ്റുകൾക്ക് അകം ഹോളണ്ട് മൂന്നാം ഗോളും കണ്ടത്തി. ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഡെൻസൽ ഡുംഫ്രയിസ് ആണ് ഡച്ച് ടീമിന്റെ മൂന്നാം ഗോൾ നേടിയത്. നാലു മിനിറ്റിനു ശേഷം 65 മത്തെ മിനിറ്റിൽ ഡെയ്‌ലി ബ്ലൈന്റിന്റെ പാസിൽ നിന്നു ഹാഫ് വോളിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ മെമ്പിസ് ഡീപെ ഹോളണ്ട് ജയം ഉറപ്പിച്ചു. ഈ ഗോളോടെ ഹോളണ്ട് ടീമിന്റെ ഏറ്റവും വലിയ മൂന്നാമത്തെ ഗോൾ വേട്ടക്കാരൻ ആയി മെമ്പിസ്. 77 മത്തെ മിനിറ്റിൽ തിമോത്തി കാസ്റ്റഗനെയുടെ ഗോൾ പക്ഷെ വാറിലൂടെ ഓഫ് സൈഡ് വിളിച്ചു. മത്സരം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് പക്ഷെ ബെൽജിയം ആശ്വാസ ഗോൾ നേടി. ടോബി ആൽഡർവെയിരൾഡിന്റെ ക്രോസിൽ നിന്നു മിച്ചി ബാത്ഷുവായി ആണ് ബെൽജിയത്തിന്റെ ആശ്വാസ ഗോൾ നേടിയത്. മികച്ച ടീമും ആയി ഇറങ്ങിയ ബെൽജിയത്തെ ഡച്ച് പട മികച്ച പ്രകടനത്തിലൂടെ ഞെട്ടിക്കുക ആയിരുന്നു.