ബെൻസെമ മാജിക്കിന്‌ ശേഷം തിരിച്ചു വന്നു ഫ്രാൻസിനെ ഞെട്ടിച്ചു ഡാനിഷ് പട

20220604 025316

യുഫേഫ നേഷൻസ് ലീഗിലെ നിലവിലെ ജേതാക്കളായ ഫ്രാൻസിനെ ആദ്യ മത്സരത്തിൽ വീഴ്ത്തി ഡെന്മാർക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഫ്രാൻസ് സ്വന്തം മൈതാനത്ത് ഡാനിഷ് പടയോട് തോൽവി വഴങ്ങിയത്. തുടർച്ചയായ 5 ജയങ്ങൾക്ക് ശേഷം ആണ് ഫ്രാൻസ് ഒരു മത്സരം തോൽക്കുന്നത്. ഫ്രാൻസിന് നേരിയ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും ഡെന്മാർക്ക് മികച്ച പ്രകടനം ആണ് ഫ്രാൻസിന് എതിരെ പുറത്ത് എടുത്തത്. ഇരു ടീമുകളും ശ്രമിച്ചു എങ്കിലും ആദ്യ പകുതിയിൽ ഗോൾ പിറന്നില്ല. രണ്ടാം പകുതി തുടങ്ങിയ ഉടൻ തന്നെ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തി. 51 മത്തെ മിനിറ്റിൽ എമ്പപ്പെക്ക് പകരക്കാനായി വന്ന ക്രിസ്റ്റഫർ എങ്കുങ്കു നൽകിയ പാസിൽ നിന്നു ഡാനിഷ് പ്രതിരോധ താരങ്ങളെ മാന്ത്രിക ചലനങ്ങളും ആയി ഡ്രിബിൾ ചെയ്തു ഗോൾ നേടിയ കരീം ബെൻസെമ ആണ് ഫ്രാൻസിന് മത്സരത്തിൽ മുൻതൂക്കം സമ്മാനിച്ചത്.

20220604 025334

60 മത്തെ മിനിറ്റിൽ കാസ്പർ ഡോൽബർഗിന് പകരക്കാനായി ഇറങ്ങിയ ആന്ദ്രസ് കോർണലിസ് പക്ഷെ ഫ്രഞ്ച് പടയെ ഞെട്ടിക്കുക ആയിരുന്നു പിന്നീട്. 68 മത്തെ മിനിറ്റിൽ ഹോൾബയറിന്റെ പാസിൽ നിന്നു അതുഗ്രൻ ഷോട്ടിലൂടെ ലോറിസിനെ മറികടന്ന കോർണലിസ് ഡെന്മാർക്കിന്‌ സമനില ഗോൾ നൽകി. മിനിറ്റുകൾക്ക് ഉള്ളിൽ കാന്റെയുടെ 25 വാരം അകലെ നിന്നുള്ള ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് ഫ്രാൻസിന് തിരിച്ചടിയായി. 88 മത്തെ മിനിറ്റിൽ ജോക്വിം മഹലെയുടെ ത്രൂ ബോൾ ഓടിയെടുത്ത കോർണലിസ് മികച്ച ശക്തമായ അടിയിലൂടെ തന്റെ രണ്ടാം ഗോളും നേടി ഡെന്മാർക്കിന്‌ ജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ ഫ്രാൻസ് സമനിലക്ക് ശ്രമിച്ചു എങ്കിലും ഡാനിഷ് പ്രതിരോധം പിടിച്ചു നിൽക്കുക ആയിരുന്നു.

Previous articleസിലിച്ചിനെ വീഴ്ത്തി കാസ്പർ റൂഡ് കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ, ഫൈനലിൽ നദാൽ അക്കാദമി താരം നദാലിന് എതിരെ
Next articleബെൽജിയത്തെ തകർത്തു ഓറഞ്ച് പടയോട്ടം