യുഫേഫ നേഷൻസ് ലീഗിൽ എർലിങ് ഹാളണ്ടിന്റെ മികവിൽ സ്വീഡനെയും തോൽപ്പിച്ചു നോർവെ. ഹാളണ്ട് ഇരട്ടഗോളുകൾ നേടിയപ്പോൾ നോർവെ സ്വീഡനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് തോൽപ്പിച്ചത്. ഇത് തുടർച്ചയായ ഏഴാം മത്സരത്തിൽ ആണ് ഹാളണ്ട് ഗോൾ നേടുന്നത്. ഈ കാലയളവിൽ 11 ഗോളുകൾ ആണ് രാജ്യത്തിനു ആയി ഹാളണ്ട് നേടിയത്. നോർവെക്ക് ആയി 19 കളികളിൽ നിന്നു 18 ഗോളുകൾ ആണ് താരം ഇത് വരെ നേടിയത്. മത്സരത്തിൽ സ്വീഡൻ ആണ് പന്ത് കൂടുതൽ നേരം കൈവശം വച്ചത് എങ്കിലും ഗോൾ അവസരങ്ങൾ കൂടുതൽ തുറന്നത് നോർവെ ആയിരുന്നു.
മത്സരത്തിൽ 20 മത്തെ മിനിറ്റിൽ എമിൽ ക്രാഫ്ത് മോർട്ടൻ ത്രോസ്ബിയെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഹാളണ്ട് നോർവെയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ അലക്സാണ്ടർ സോർലോത്തിന്റെ ഹെഡർ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും ഹാളണ്ട് നേടി. പരാജയം ഉറപ്പിച്ച സ്വീഡന് പകരക്കാരനായി ഇറങ്ങിയ ആന്തണി എലാഗ്നയാണ് ആശ്വാസ ഗോൾ നൽകിയത്. കുലുസെവ്സ്കിയുടെ പാസിൽ നിന്നായിരുന്നു യുവ താരത്തിന്റെ ഗോൾ. നോർവെ ഫുട്ബോളിനെ ഹാളണ്ടിന്റെ ഗോളടി മികവ് ഉയരങ്ങളിൽ എത്തിക്കും എന്ന സൂചനയാണ് ഈ പ്രകടനങ്ങൾ നൽകുന്നത്.