ചെക് റിപ്പബ്ലിക്കിന്‌ എതിരെ അവസാന നിമിഷം സമനില പിടിച്ചു സ്‌പെയിൻ

Wasim Akram

യുഫേഫ നേഷൻസ് ലീഗിൽ ചെക് റിപ്പബ്ലിക്കിനോട് 2-2 ന്റെ സമനില വഴങ്ങി സ്‌പെയിൻ. ഏതാണ്ട് 80 ശതമാനം പന്ത് സ്‌പെയിൻ കൈവശം വച്ച മത്സരത്തിൽ രണ്ടു തവണയും പിന്നിൽ നിന്ന ശേഷം ആണ് സ്‌പെയിൻ സമനില പിടിച്ചത്. 2 തവണ സ്പാനിഷ് ശ്രമങ്ങൾ ബാറിൽ ഇടിച്ചു മടങ്ങുകയും ചെയ്തു. മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ചെക് റിപ്പബ്ലിക് മത്സരത്തിൽ മുന്നിലെത്തി. യാൻ കുറ്റ്ചയുടെ പാസിൽ നിന്നു യാകുബ്‌ പെസെക് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്ന് പന്ത് കൈവശം വച്ചു പതുക്കെയാണ് സ്‌പെയിൻ കളിച്ചത്.

20220606 022931

ആദ്യ പകുതിക്ക് തൊട്ടു മുമ്പ് റോഡ്രിയുടെ പാസിൽ നിന്നു ഗാവി സ്പെയിനിന് സമനില സമ്മാനിച്ചു. ഇതോടെ സ്പാനിഷ് ദേശീയ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗാവി മാറി. രണ്ടാം പകുതിയിൽ പ്രത്യാക്രമണത്തിൽ സെർനിയുടെ പാസിൽ നിന്നു മികച്ച ഒരു ലോബിലൂടെ യാൻ കുറ്റ്ച ചെക് റിപ്പബ്ലിക്കിന്‌ രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ അവസാന മിനിറ്റുകളിൽ സ്‌പെയിൻ സമനില ഗോൾ കണ്ടത്തി. 90 മത്തെ മിനിറ്റിൽ മാർകോ അസൻസിയോയുടെ ക്രോസിൽ നിന്നു ഇനിഗോ മാർട്ടിനസ് ഹെഡറിലൂടെ സ്‌പെയിനിന് സമനില സമ്മാനിക്കുക ആയിരുന്നു.