യുഫേഫ നേഷൻസ് ലീഗിൽ ജയം കാണാൻ ആവാതെ ഇംഗ്ലണ്ട്. ഇന്ന് യൂറോ കപ്പ് ഫൈനൽ ആവർത്തനത്തിൽ ഇറ്റലിയോടും ഗോൾ രഹിത സമനില വഴങ്ങിയതോടെ കളിച്ച ഒരു മത്സരത്തിലും ജയം കാണാൻ ഇംഗ്ലണ്ടിന് ആയില്ല. മത്സരത്തിൽ നേരിയ മുൻതൂക്കം ഇംഗ്ലണ്ടിന് ആയിരുന്നു എങ്കിലും ഏതാണ്ട് ഇരു ടീമുകളും തുല്യ അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. മേസൻ മൗണ്ടിന്റെ ഷോട്ട് ബാറിലേക്ക് ഇടിച്ചു മടങ്ങിയപ്പോൾ ടൊണാലിയുടെയും പെസ്സിനയുടെയും ഗോൾ ശ്രമങ്ങൾ അതുഗ്രൻ മികവിലൂടെ ഗോൾ കീപ്പർ ആരോൺ റാംസ്ഡേൽ രക്ഷിച്ചു.
രണ്ടാം പകുതി തുടങ്ങി ഏഴു മിനിറ്റിനുള്ളിൽ ജെയിംസിന്റെ ക്രോസിൽ നിന്നു ലഭിച്ച സുവർണ അവസരം ഗോൾ ആക്കി മാറ്റാൻ റഹീം സ്റ്റെർലിങിനു ആയില്ല. അവസാന നിമിഷങ്ങളിൽ വിജയ ഗോളിന് ആയി ഇംഗ്ലണ്ട് ശ്രമിച്ചു എങ്കിലും ഗോൾ മാത്രം കണ്ടത്താൻ അവർക്ക് ആയില്ല. 2018 നു ശേഷം ഇത് ആദ്യമായാണ് ഇംഗ്ലണ്ടിന് 3 മത്സരങ്ങളിൽ തുടർച്ചയായി ജയം കാണാൻ ആവാതെ പോവുന്നത്. സമനില വഴങ്ങിയെങ്കിലും ഗ്രൂപ്പ് എ 3 യിൽ ഹംഗറിക്ക് മുകളിൽ ഒന്നാമത് ആണ് ഇറ്റലി. അതേസമയം ഗ്രൂപ്പിൽ ഇത് വരെ ജയിക്കാൻ ആവാത്ത ഇംഗ്ലണ്ട് മൂന്നാം സ്ഥാനക്കാരായ ജർമ്മനിക്ക് പിറകിൽ അവസാന സ്ഥാനത്ത് ആണ്.