കുഞ്ഞ് യുണൈറ്റഡ് ആരാധകന്റെ കത്തിന് ശേഷം ലിവർപൂളിന് കഷ്ടകാലം

Newsroom

ലിവർപൂളിന്റെ തുടർവിജയങ്ങൾ കണ്ട് സങ്കടമായ ഒരു കുഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന്റെ സങ്കട കത്തും അതിന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് നൽകിയ മറുപടിയും കഴിഞ്ഞ ആഴ്ച ഇന്റർനെറ്റ് ലോകം മുഴുവൻ തരംഗമായിരുന്നു. ആ കത്തു കിട്ടുന്നത് വരെ തുടർജയങ്ങൾ കൊണ്ട് റെക്കോർഡ് ഇട്ടു കൊണ്ടിരിക്കുകയായിരുന്ന ലിവർപൂൾ ആ കത്തിനു ശേഷം തകർന്നടിയുന്ന കാഴ്ചയാണ് ഫുട്ബോൾ ലോകത്തിന് കാണാൻ ആകുന്നത്.

10 വയസ്സുകാരനായ ഡരാഗ് കേർലി എഴുതിയ കത്തിനു ശേഷം ലിവർപൂൾ കളിച്ച നാലു മത്സരങ്ങളിൽ മൂന്നു മത്സരങ്ങളും പരാജയപ്പെട്ടു. എഫ് എ കപ്പിൽ നിന്ന് പുറത്താവുകയും പ്രീമിയർ ലീഗിലെ അപരാജിത കുതിപ്പിന് അവസാനമാവുകയും ചെയ്തു. ഒപ്പം ചാമ്പ്യൻസ് ലീഗിലും ലിവർപൂൾ തോറ്റു. ലിവർപൂളിനെ തോൽപ്പിക്കാമോ എന്നായിരുന്നു ക്ലോപ്പിനോട് കുഞ്ഞ് ആരാധകൻ കത്ത് എഴുതി ചോദിച്ചിരുന്നത്.

ഈ ആഗ്രഹം നടത്തി തരാൻ പറ്റില്ല എന്നാണ് ക്ലോപ്പ് മറുപടി ആയി എഴുതിയത് എങ്കിലും കേർലിയുടെ ആഗ്രഹം സഫലമാകുന്ന കാഴ്ചയാണ് ഫുട്ബോൾ പിച്ചിൽ കാണുന്നത്.ഒരു സ്കൂൾ അസൈന്മെന്റിന്റെ ഭാഗമായിരുന്നു ലിവർപൂൾ പരിശീലകന് കേർലി കത്ത് എഴുതിയത്.