അണ്ടർ 19 ലോകകപ്പ് കിരീടം നേടിയ ബംഗ്ലാദേശിന് രാജകീയ സ്വീകരണം

Staff Reporter

ഇന്ത്യയെ തോൽപ്പിച്ച് ആദ്യമായി ലോകകപ്പ് കിരീടം ബംഗ്ലാദേശിൽ എത്തിച്ച അണ്ടർ 19 ടീമിന് ബംഗ്ലാദേശിൽ രാജകീയ സ്വീകരണം. ആയിരകണക്കിന് ബംഗ്ലാദേശ് ആരധകരാണ് വിമാനത്താവളത്തിൽ ബംഗ്ലാദേശ് താരങ്ങളെ വരവേറ്റത്. ബംഗ്ലാദേശ് കായിക മന്ത്രി സാഹിദ് അഹ്സാനും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡണ്ട് നസ്മുൽ ഹസനും ചേർന്നാണ് താരങ്ങളെ വിമാനത്താവളത്തിൽ സ്വീകരിച്ചത്.

തുടർന്ന് പ്രത്യേകം സജ്ജീകരിച്ച ബസിൽ താരങ്ങൾ ധാക്കയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് യാത്ര തിരിച്ചു. റോഡിന് ഇരു വശവും ആയിരങ്ങളാണ് ബംഗ്ലാദേശ് ടീമിനെ കാണാൻ തടിച്ചു കൂടിയത്. തുടർന്ന് ബംഗ്ലാദേശ് അണ്ടർ 19 ക്യാപ്റ്റൻ അക്ബർ അലി കേക്ക് മുറിച്ചുകൊണ്ട് വിജയം ആഘോഷിക്കുകയും ചെയ്തു. തുടർന്ന് വെടിക്കെട്ടോട് കൂടിയാണ് സ്വീകരണ പരിപാടികൾ അവസാനിച്ചത്.  ഫൈനലിൽ ഇന്ത്യയെ 3 വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ളദേശ് തങ്ങളുടെ പ്രഥമ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.