യൂറോപ്പിൽ അപരാജിത കുതിപ്പ് തുടരുകയാണ് ഇറ്റലി. മാൻചിനിയുടെ കീഴിൽ റെക്കോർഡുകൾ പലതും കാറ്റിൽ പറത്തിയാണ് ഇറ്റലിയുടെ കുതിപ്പ്. 32 മത്സരങ്ങളിൽ അപരാജിതരായാണ് അസൂറിപ്പട യൂറോയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. 35 മത്സരങ്ങളിൽ അപരാജിതരായി തുടർന്ന ബ്രസീലും സ്പെയിനും മാത്രമാണ് ഇനി മാൻചിനിയുടേയും സംഘത്തിന്റെയും മുൻപിൽ ഉള്ളത്.
1993-1996 വരെയാണ് ബ്രസീൽ ഈ നേട്ടം കൈവരിച്ചത്. 2007-2009വരെയുള്ള കാലഘട്ടത്തിൽ ആയിരുന്നു സ്പെയിനിന്റെ കുതിപ്പ്. 1991-1993വരെ 31 മത്സരങ്ങളിൽ അപരാജിതരായിരുന്നു അർജന്റീന. അർജന്റീനയുടെ ഈ നേട്ടത്തെ അസൂറികൾ മറികടന്നു. ഇതിന് മുൻപ് 1935 മുതൽ 1939വരെ 30 മത്സരങ്ങളിൽ അപരാജിതരായിരുന്നു ഇറ്റലി. 1936ൽ ഒളിമ്പിക് സ്വർണവും 1938ൽ ലോകകപ്പും ഇറ്റലി നേടിയിരുന്നു. അസൂറികളുടെ അവസാന പരാജയം 2018 യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനെതിരെയായിരുന്നു. യുറോ കപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നുകൂടിയാണ് മാൻചിനിയുടെ ഇറ്റാലിയൻ സംഘം.