യുഫേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സിയിൽ ലെസ്റ്റർ സിറ്റി നാപ്പോളി മത്സരം 2-2 സമനിലയിൽ പിരിഞ്ഞു. രണ്ടു ഗോൾ പിറകിൽ നിന്ന ശേഷമാണ് നാപ്പോളി മത്സരത്തിൽ അർഹിച്ച സമനില പിടിച്ചെടുത്തത്. ലെസ്റ്ററിന്റെ കിംഗ് പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൂടുതൽ ആക്രമണം നടത്തിയത് ഇറ്റാലിയൻ ടീം ആയിരുന്നു. എന്നാൽ ഒമ്പതാം മിനിറ്റിൽ തന്നെ മത്സരത്തിൽ ഇംഗ്ലീഷ് ടീം ആദ്യ ഗോൾ കണ്ടത്തി. ഹാർവി ബാർൺസിന്റെ ക്രോസിൽ നിന്നു വലൻ കാലൻ അടിയിലൂടെ അയോസെ പെരസ് ആണ് ലെസ്റ്ററിന് ആദ്യ ഗോൾ സമ്മാനിച്ചത്. 1-0 നു അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 64 മിനിറ്റിൽ ഗോൾ കണ്ടത്തിയ ബാർൺസ് ലെസ്റ്ററിന്റെ രണ്ടാം ഗോളും നേടി.
പ്രത്യാക്രമണത്തിൽ ഇഗ്നാച്ചോ നൽകിയ പാസിൽ നിന്നു ഇടൻ കാലൻ അടിയിലൂടെയാണ് യുവ താരം തന്റെ ഗോൾ നേടിയത്. ലെസ്റ്റർ ജയത്തിലേക്ക് എന്നു തോന്നിയ മത്സരത്തിൽ 69 മിനിറ്റിൽ ഫാബിയൻ റൂയിസിന്റെ ഹെഡർ പാസിൽ നിന്നു നൈജീരിയൻ താരം വിക്ടർ ഒസിംഹൻ നാപ്പോളിക്ക് പ്രതീക്ഷ നൽകുന്ന ഗോൾ സമ്മാനിച്ചു. തുടർന്ന് നാപ്പോളിയുടെ തുടർച്ചയായ പരിശ്രമത്തിന്റെ ഫലമായി 87 മിനിറ്റിൽ പൊളിറ്റാനോയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഒരു ഹെഡറിലൂടെ ഒസിംഹൻ തന്നെ ഇറ്റാലിയൻ ടീമിന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ ഇഞ്ച്വറി സമയത്ത് രണ്ടാം മഞ്ഞ കാർഡ് കണ്ട ലെസ്റ്റർ താരം വിൽഫ്രെയിഡ് എൻഡിടി ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ഇരു ടീമുകളും നന്നായി കളിച്ച മികച്ച മത്സരം തന്നെയായിരുന്നു ഇത്.