യൂറോപ്പ ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ഫ്രാങ്ക്ഫർട്ട് ഫൈനലിൽ. ഇരു പാദങ്ങളിലും ആയി 3-1 നു ആണ് ജർമ്മൻ ക്ലബ് സെമിഫൈനലിൽ ജയം കണ്ടത്. 2-1 നു പിറകിൽ ആയ വെസ്റ്റ് ഹാം രണ്ടാം പാദത്തിൽ പൊരുതാൻ ഉറച്ചു ആണ് മത്സരത്തിന് എത്തിയത്. പലപ്പോഴും മികച്ച അവസരങ്ങളും അവർ സൃഷ്ടിച്ചു. എന്നാൽ 19 മത്തെ മിനിറ്റിൽ ആരോൺ ക്രസ്വെൽ ചുവപ്പ് കാർഡ് കണ്ടതോടെ വെസ്റ്റ് ഹാം പ്രതിരോധത്തിൽ ആയി. ഹാവോക്കിന്റെ ലോങ് ബോൾ പിടിച്ചെടുത്ത ഹോഗിനെ ക്രസ്വെൽ വീഴ്ത്തുക ആയിരുന്നു.
ഗോളിന് മുന്നിൽ വച്ചു ഹോഗിനെ വീഴ്ത്തിയ ഇംഗ്ലീഷ് പ്രതിരോധ താരത്തിന് ആദ്യം റഫറി മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ പരിശോധനക്ക് ശേഷം അത് ചുവപ്പ് കാർഡ് ആവുക ആയിരുന്നു. തുടർന്ന് 7 മിനിട്ടുകൾക്ക് അകം ഫ്രാങ്ക്ഫർട്ട് ഗോൾ കണ്ടത്തി. അൻസ്ഗർ നോഫിന്റെ പാസിൽ നിന്നു റാഫേൽ ബോറെ ഗോൾ നേടിയതോടെ വെസ്റ്റ് ഹാമിന്റെ തിരിച്ചു വരവ് പ്രയാസമായി. തുടർന്ന് 10 പേരായി ചുരുങ്ങിയെങ്കിലും മികച്ച പോരാട്ടം ആണ് വെസ്റ്റ് ഹാമിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. എന്നാൽ ഗോൾ കണ്ടത്താൻ ഇംഗ്ലീഷ് ടീമിന് ആയില്ല. 1980 തിലെ യൂറോപ്യൻ കപ്പ് നേട്ടം ആവർത്തിക്കാൻ ആവും ഫ്രാങ്ക്ഫർട്ട് ഫൈനലിൽ ഇറങ്ങുക.