യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തി ഫ്രാൻസ്. ഇന്ന് നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ച് വരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സ്പെയിന് വേണ്ടി ഒയർസബാൾ ഗോളടിച്ചപ്പോൾ കെരിം ബെൻസിമയും എംബപ്പെയുമാണ് ഫ്രാൻസിനായി ഗോളടിച്ചത്. യൂറോ കപ്പിലെ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഫ്രാൻസ് മികച്ച ജയമാണ് ഇന്ന് നേടിയത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ മൂന്ന് ഗോളുകളും പിറന്നത്. സെർജിയോ ബുസ്കെറ്റ്സിൽ നിന്നും ത്രൂ ബോൾ സ്വീകരിച്ച ഒയർസബാൾ ഫ്രാൻസിന്റെ വലയിലേക്കടിച്ചു കയറ്റി. മത്സരം സ്പെയിനിനോടൊപ്പം എന്ന് തോന്നിച്ചതിന് പിന്നാലെ കെരീം ബെൻസിമയുടെ ഗോളിൽ ഫ്രാൻസ് സമനില നേടി. ഗോളിന് വഴിയൊരുക്കിയത് കൈലിയൻ എംബപ്പെയായിരുന്നു. കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താനായി വിഷമിച്ച എംബപ്പെ പിന്നീട് കളിയുടെ ചുക്കാൻ പിടിച്ച കാഴ്ച്ചയായിരുന്നു. സ്പാനിഷ് ഗോൾ കീപ്പറുടെ കീഴിലുടെ എംബപ്പെ ഫ്രാൻസിന്റെ വിജയ ഗോളും നേടി. സ്പാനിഷ് താരങ്ങളുടെ ഓഫ് സൈട് പ്രതിഷേധത്തിനൊടുവിലായിരുന്നു റഫറി ഗോളനുവധിച്ചത്. 2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷൻസ് ലീഗും നേടുന്ന ആദ്യ രാജ്യമായും മാറി ഫ്രാൻസ്.