ഇറ്റാലിയൻ സീരി എയിൽ എ.എസ് റോമയെ 4-0 നു തകർത്ത ഉഡിനെസെ ഇത്തവണ ഇന്റർ മിലാനെയും തോൽപ്പിച്ചു. ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ഉഡിനെസെ ജയം കണ്ടത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഇന്റർ നേരിയ ആധിപത്യം പുലർത്തിയെങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് ഉഡിനെസെ ആയിരുന്നു. മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ഇന്റർ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. അവർക്ക് ആയി നിക്കോള ബരെല്ല ഗോൾ കണ്ടത്തി.
22 മത്തെ മിനിറ്റിൽ മിലാൻ സ്ക്രിനിയാറിന്റെ സെൽഫ് ഗോൾ ഇന്ററിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ മുൻ ബാഴ്‌സലോണ താരം ജെറാർഡ് ഡിലോഫെയുടെ ക്ലാസ് ആണ് കാണാൻ ആയത്. 84 മത്തെ മിനിറ്റിൽ ഡിലോഫെയുടെ കോർണറിൽ നിന്നു ബുള്ളറ്റ് ഹെഡറിലൂടെ ജാക ബിജോൾ ഉഡിനെസെക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. ഇഞ്ച്വറി സമയത്ത് 93 മത്തെ മിനിറ്റിൽ മാന്ത്രിക ചലനങ്ങൾക്ക് ശേഷം ഡിലോഫെ നൽകിയ ക്രോസിൽ നിന്നു ഹെഡറിലൂടെ ടോൾഗെ അർസ്‌ലാൻ ഉഡിനെസെ ജയം ഉറപ്പിച്ച ഗോൾ നേടി. നിലവിൽ ലീഗിൽ ഉഡിനെസെ ഒന്നാമത് നിൽക്കുമ്പോൾ ലീഗിൽ മൂന്നാം തോൽവി വഴങ്ങിയ ഇന്റർ ആറാം സ്ഥാനത്ത് ആണ്.