ആവേശകരമായ രണ്ടാം പാദ സെമിഫൈനലിലും വിയ്യറയലിനെ തോൽപ്പിച്ചു ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു ലിവർപൂൾ ജയം. ആദ്യ പാദത്തിൽ 2-0 ന്റെ ജയവുമായി സ്‌പെയിനിൽ എത്തിയ ലിവർപൂലിനെതിരെ ആദ്യ പകുതിയിൽ അവിശ്വസനീയമായ പ്രകടനം ആണ് വിയ്യറയൽ പുറത്ത് എടുത്തത്. ആദ്യ പകുതിയിൽ ക്ലോപ്പിനെയും ലിവർപൂളിനെയും വിറപ്പിക്കാൻ സ്വന്തം കാണികൾക്ക് മുമ്പിൽ സ്പാനിഷ് ടീമിന് ആയി. മത്സരത്തിൽ അതുഗ്രൻ തുടക്കം ആണ് വിയ്യറയലിന് ലഭിച്ചത്. മൂന്നാം മിനിറ്റിൽ എസ്‌തുപിനാന്റെ മികച്ച ക്രോസ് എറ്റിയാൻ കപ്യു ബോളയെ ഡിയക്ക് മറിച്ചു നൽകിയപ്പോൾ സെനഗൽ താരം ലിവർപൂൾ വലയിലേക്ക് പന്ത് എത്തിച്ചു. ഇതോടെ ആശങ്കയിൽ ആയ ലിവർപൂൾ താരങ്ങൾക്ക് നേരെ തുടരെ ആക്രമണങ്ങൾ നടത്തി വിയ്യറയൽ. ഇടക്ക് ലെ സെൽസോയെ ലിവർപൂൾ ഗോൾ കീപ്പർ ആലിസൻ വീഴ്ത്തിയതിനു പെനാൽട്ടിക്കും ചുവപ്പ് കാർഡിനും ആയി വിയ്യറയൽ താരങ്ങളും കാണികളും ആർത്ത് വിളിച്ചു എങ്കിലും റഫറിയും വാറും അത് അനുവദിച്ചില്ല.
ആദ്യ പകുതിയിൽ തുടരെ ലിവർപൂൾ പ്രതിരോധത്തെ പരീക്ഷിച്ച വിയ്യറയൽ 41 മത്തെ മിനിറ്റിൽ മത്സരത്തിലെ രണ്ടാം ഗോളും നേടി ലിവർപൂളിന് ഒപ്പമെത്തി. റോബർട്ട്സനെ കബളിപ്പിച്ച് മുൻ ടോട്ടൻഹാം താരമായ കപ്യു നൽകിയ സുന്ദര ക്രോസ് അതിലും മികച്ച ഹെഡറിലൂടെ വലയിൽ എത്തിച്ച മുൻ ആഴ്‌സണൽ താരമായ ഫ്രാൻസിസ് കോക്വലിൻ ലിവർപൂളിനെ എല്ലാ അർത്ഥത്തിലും ഞെട്ടിച്ചു. ആദ്യ പകുതിയിൽ എല്ലാ അർത്ഥത്തിലും പിന്നിലായ തന്റെ താരങ്ങളെ രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്ന ക്ലോപ്പിന്റെ മാസ്റ്റർ പ്ലാൻ ആണ് രണ്ടാം പകുതിയിൽ കാണാൻ ആയത്. ഡീഗോ ജോട്ടോക്ക് പകരം ലൂയിസ് ഡിയാസിനെ കളത്തിൽ ഇറക്കിയ ലിവർപൂൾ കൂടുതൽ ആക്രമിച്ചു കളിക്കുന്നതും കളം പിടിക്കുന്നതും രണ്ടാം പകുതിയിൽ കാണാൻ ആയി. 55 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ വിയ്യറയൽ പ്രതിരോധത്തിൽ തട്ടിയ ലോങ് റേഞ്ചർ ബാറിൽ ഇടിച്ചതും കാണാൻ ആയി.
62 മത്തെ മിനിറ്റിൽ ലിവർപൂൾ അവസാനം വിയ്യറയൽ പ്രതിരോധം ഭേദിച്ചു. മുഹമ്മദ് സലാഹിന്റെ പാസിൽ നിന്നു വിയ്യറയൽ ഓഫ് സൈഡ് ട്രാപ് വിദഗ്ദമായി മറികടന്ന ഫബീന്യോ ലിവർപൂളിന് ആയി ഗോൾ നേടി. വിയ്യറയൽ ഗോൾ കീപ്പർ റൂളിയുടെ പിഴവ് ആയിരുന്നു ഈ ഗോളിന് കാരണം, ഗോൾ കീപ്പറുടെ കാലിനു ഇടയിലൂടെയാണ് ഈ ഷോട്ട് ഗോൾ ആയത്. 5 മിനിറ്റിനുള്ളിൽ ലിവർപൂൾ രണ്ടാം ഗോളും നേടി. തന്റെ ഇടത് കാലു കൊണ്ടു അലക്‌സാണ്ടർ അർണോൾഡ് നൽകിയ അതിമനോഹരമായ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ലൂയിസ് ഡിയാസ് വിയ്യറയൽ ആരാധകരെ തീർത്തും നിശബ്ദമാക്കി. 74 മത്തെ മിനിറ്റിൽ കേറി വന്ന ഗോൾ കീപ്പറെ വെട്ടിച്ചു പന്ത് കാലിലാക്കി പ്രതിരോധ താരം ഫോയിത്തിനെ മറികടന്നു ഗോൾ കണ്ടത്തിയ സാദിയോ മാനെ ലിവർപൂൾ ജയം പൂർത്തിയാക്കുക ആയിരുന്നു. അവസാന നിമിഷങ്ങളിൽ കർട്ടിസ് ജോൺസിനെ വീഴ്ത്തിയതിനു രണ്ടാം മഞ്ഞ കാർഡ് കണ്ടു കപ്യു പുറത്ത് പോയതോടെ വിയ്യറയൽ പത്ത് പേരായും ചുരുങ്ങി. ആർത്ത് വിളിച്ച സ്വന്തം കാണികൾക്ക് മുന്നിൽ അഭിമാനിക്കാവുന്ന പ്രകടനം തന്നെയാണ് വിയ്യറയൽ നടത്തിയത്. അതേസമയം ഇരു പാദങ്ങളിലും ആയി 5-2 ന്റെ ജയവുമായി പാരീസിലേക്ക് പോകുന്ന ലിവർപൂൾ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ലക്ഷ്യം വക്കുന്നത്. നാളെ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് മത്സര വിജയിയെ ആവും ലിവർപൂൾ ഫൈനലിൽ നേരിടുക.