ഇംഗ്ലണ്ടിൽ കിരീട പോരാട്ടവും റിലഗേഷൻ പോരാട്ടവും അവസാന ദിവസം വരെ ആരെന്ന് പറയാൻ പറ്റാത്ത രീതിയിൽ പോവുക ആണെങ്കിലും ടോപ് 4 പോരാട്ടം അങ്ങനെ അല്ല. അത് ഏതാണ്ട് തീരുമാനം ആയിരിക്കുകയാണ്. ഇന്നലെ ആഴ്സണൽ ന്യൂകാസിലിനോട് പരാജയപ്പെട്ടതോടെ ടോട്ടനം ടോപ് 4ഇൽ ഒരു കാല് വെച്ച് കഴിഞ്ഞു. ഇപ്പോൾ സ്പർസിന് 37 മത്സരങ്ങളിൽ നിന്ന് 68 പോയിന്റും ആഴ്സണലിന് 66 പോയിന്റും ആണ് ഉള്ളത്. സ്പർസിന് വലിയ ഗോൾ ഡിഫറൻസ് ഉള്ളത് കൊണ്ട് തന്നെ ഒരു പോയിന്റ് മതിയാകും അവർക്ക് നാലാം സ്ഥാനം ഉറപ്പിക്കാൻ.
ഇന്നലെ ആഴ്സണൽ പരാജയപ്പെട്ടതോടെ ചെൽസി അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചിരുന്നു. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും രണ്ടാമതുള്ള ലിവർപൂളും നേരത്തെ തന്നെ ടോപ് 4 ഫിനിഷ് ഉറപ്പിച്ചവരാണ്. ഇനി സ്പർസിന് അവസാന മത്സരത്തിൽ ലീഗിൽ നിന്ന് ഇതിനകം തന്നെ റിലഗേറ്റ് ആയ നോർവിചിനെ ആണ് നേരിടാൻ ഉള്ളത്. ആഴ്സണലിനാകട്ടെ റിലഗേഷൻ ഒഴിവാക്കാൻ പോരാടുന്ന എവർട്ടണെയും. കാര്യങ്ങൾ ആഴ്സണലിന് ഒരു വിധത്തിലും എളുപ്പമല്ല എന്ന് ചുരുക്കം.
രണ്ട് മത്സരങ്ങൾ മുമ്പ് ആഴ്സണൽ സ്പർസിനു മേൽ 3 പോയിന്റിന്റെ ലീഡുമായി നാലാം സ്ഥാനത്ത് ഭദ്രമായി ഇരിക്കുക ആയിരുന്നു. തുടർച്ചയായ രണ്ട് തോൽവികളാണ് എല്ലാം മാറ്റി മറച്ചത്. അർട്ടേറ്റയുടെ കീഴിൽ മുന്നിലേക്കാണെന്ന് കരുതിയിരുന്ന ആഴ്സണലിന് വലിയ തിരിച്ചടിയാണ് ടോപ് 4ലെ ഈ നിരാശ. സ്പർസ് ആകട്ടെ കോണ്ടെ ചുമതലയേൽക്കുമ്പോൾ 9ആം സ്ഥാനത്ത് ആയിരുന്നു. അവിടെ നിന്ന് നാലാം സ്ഥാനത്തേക്കുള്ള വരവ് കോണ്ടെയെ ടീമിൽ നിർത്താൻ മാനേജ്മെന്റിനും ഊർജ്ജം നൽകും.