2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിന് ഇന്ത്യ യോഗ്യത നേടി. ഇന്ന് യോഗ്യത റൗണ്ട് പോരാട്ടത്തിൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉസ്ബെകിസ്താനെ സമനിലയിൽ പിടിച്ചതോടെയാണ് ഇന്ത്യയുടെ യോഗ്യത ഉറച്ചത്. ഉസ്ബെകിസ്താനിൽ നടക്കുന്ന യോഗ്യത റൗണ്ടിൽ ആതിഥേയരെ 1-1 എന്ന സമനിലയിലാണ് ഇന്ത്യ പിടിച്ചത്. ഒപ്പത്തിനൊപ്പം നടന്ന പോരിൽ രണ്ടാം പകുതിയിൽ ആയിരുന്നു രണ്ടു ഗോളുകളും പിറന്നത്.
66ആം മിനുട്ടിൽ ശ്രീദർത്തിന്റെ വകയായിരുന്നു ഇന്ത്യയുടെ ഗോൾ. വിജയിക്കുമെന്ന പ്രതീക്ഷ നൽകിയെങ്കിലും അധികം താമസിയാതെ സമനില നേടാൻ ഉസ്ബെക്കിസ്ഥാനായി. ഇന്ത്യ ഈ ടൂർണമെന്റിൽ വഴങ്ങിയ ആദ്യ ഗോളായിരുന്നു ഇത്. നേരത്തെ ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ വിജയിച്ചിരുന്നു. 5-0 എന്ന സ്കോറിന് ബഹ്റൈനെയും സമാനമായ സ്കോറിന് തുർക്ക്മെനിസ്താനെയും ഇന്ത്യ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളിൽ ഏഴു പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. അടുത്ത വർഷം നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിൽ സെമി ഫൈനലിൽ എത്തുകയാണെങ്കിൽ ഇന്ത്യക്ക് അണ്ടർ 17 ലോകകപ്പ് യോഗ്യത നേടാം.