പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ സെപ്തംബർ 1 വരെ നീട്ടാൻ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ തീരുമാനം. ഇത് പ്രകാരം സെപ്റ്റംബർ 1 വൈകിട്ട് യു.കെ സമയം 5 മണിവരെ ക്ലബ്ബുകൾക്ക് താരങ്ങളെ സ്വന്തമാക്കാം. കഴിഞ്ഞ രണ്ട് വർഷം പ്രീമിയർ ലീഗ് തുടങ്ങുന്നതിന് ഒരു ദിവസം മുൻപ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിൻഡോ അടച്ചിരുന്നു. എന്നാൽ 2020/21 സീസൺ മുതൽ പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ യൂറോപ്യൻ ട്രാൻസ്ഫർ വിൻഡോയോടൊപ്പം അടക്കുന്ന രീതിയിൽ തുടരാൻ പ്രീമിയർ ലീഗ് തീരുമാനിക്കുകയായിരുന്നു. 2020/21 പ്രീമിയർ ലീഗ് സീസൺ ഓഗസ്റ്റ് 8നാണ് ആരംഭിക്കുക.
പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ നേരത്തെ അടക്കുന്നത് യൂറോപ്യൻ ട്രാൻസ്ഫർ വിപണിയിൽ പ്രീമിയർ ലീഗ് ക്ലബുകൾക്ക് തിരിച്ചടിയായിരുന്നു. മറ്റു യൂറോപ്യൻ ലീഗുകളിൽ സെപ്റ്റംബർ 1 വരെ താരങ്ങളെ സ്വന്തമാക്കാൻ അവസരം ഉള്ളപ്പോൾ പ്രീമിയർ ലീഗ് ക്ലബ്ബുകൾക്ക് പ്രീമിയർ ലീഗ് തുടങ്ങുന്ന ഓഗസ്റ്റ് ആദ്യ വാരം വരെ മാത്രമേ താരങ്ങളെ സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുള്ളു . 2017ൽ പ്രീമിയർ ലീഗ് തുടങ്ങുന്നതിന് മുൻപ് ട്രാൻസ്‌ഫർ വിൻഡോ അടക്കുന്നത് വോട്ടിങ്ങിന് ഇട്ടപ്പോൾ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ക്രിസ്റ്റൽ പാലസ്, വാട്ഫോർഡ്, സ്വാൻസി എന്നീ ക്ലബ്ബുകൾ ഇതിനെ എതിർത്തിരുന്നു.