അവസാന ഓവറില്‍ 16 റണ്‍സ് നേടി വിജയം കുറിച്ച് ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടിപിഎലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ വിവെന്‍സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബ്ലൂ. ഇന്ന് 92 റണ്‍സെന്ന ശ്രമകരമായ ദൗത്യം ചേസ് ചെയ്തിറങ്ങിയ ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചുവെങ്കിലും വിക്കറ്റുകളുമായി വിവെന്‍സ് മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു.

അവസാന ഓവറില്‍ ജയത്തിനായി 16 റണ്‍സ് നേടേണ്ടിയിരുന്ന ഇന്നൊവേഷന് വേണ്ടി 5 പന്തില്‍ 13 റണ്‍സ് നേടി പുറത്താകാതെ നിന്ന ബാഹുല്‍ ബി കൃഷ്ണനാണ് ടീമിന്റെ വിജയ ശില്പി. ആദ്യ മൂന്ന് പന്തും ബൗണ്ടറി പായിച്ച ശേഷം അടുത്ത പന്തില്‍ ബാഹുല്‍ സിംഗിള്‍ നേടിയപ്പോള്‍ രണ്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു ടീമിന്റെ ലക്ഷ്യം. എന്നാല്‍ അടുത്ത പന്തില്‍ 28 റണ്‍സ് നേടിയ ഓപ്പണര്‍ വിബിന്‍ ജോണ്‍ പുറത്തായതോടെ ബ്ലൂവിന്റെ നില പരുങ്ങലിലായി.

അവസാന പന്തില്‍ ജയത്തിനായി മൂന്ന് റണ്‍സ് വേണ്ടിയിരുന്ന ടീമിന് ബൈ ഇനത്തില്‍ ഈ റണ്‍സ് ലഭിയ്ക്കുകയായിരുന്നു. 8 പന്തില്‍ 23 റണ്‍സ് നേടിയ ജിതേഷും വിബിനും ചേര്‍ന്ന് ഇന്നൊവേഷന് 2.3 ഓവറില്‍ 41 റണ്‍സെന്ന സ്വപ്ന തുല്യമായ തുടക്കമാണ് നല്‍കിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ വീഴ്ത്തി വിവെന്‍സ് മത്സരത്തിലേക്ക് തിരികെ എത്തിയെങ്കിലും അവസാനം വിജയം കൈവിടുകയായിരുന്നു. വിവെന്‍സിനായി രഞ്ജിത്ത് മോഹന്‍, എച്ച് വിഷ്ണു എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിവെന്‍സിന് വേണ്ടി 20 പന്തില്‍ പുറത്താകാതെ 38 റണ്‍സ് നേടിയ നിജാസും 14 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്ന ഒവി വിഷ്ണുവും ആണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ഇവരുടെ മികവില്‍ എട്ടോവറില്‍ നിന്ന് ടീം 91 റണ്‍സാണ് നേടിയത്. അശ്വിന്‍ ഇന്നൊവേഷനായി തുടരെ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ വിവെന്‍സ് 45/5 എന്ന നിലയിലേക്ക് വീണിരുന്നു. പിന്നീടാണ് നിജാസ്-വിഷ്ണു കൂട്ടുകെട്ട് മികച്ച സ്കോറിലേക്ക് ടീമിനെ നയിച്ചത്. എന്നാല്‍ ബൗളര്‍മാര്‍ക്ക് ഈ ലക്ഷ്യം പ്രതിരോധിക്കുവാന്‍ സാധിച്ചില്ല.