ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുത്തതിന് പിന്നാലെ പരിശീലകനായ തോമസ് ടൂഹലിന് പുതിയ കരാർ നൽകി ചെൽസി. പുതിയ കരാർ പ്രകാരം ടൂഹൽ 2024 വരെ ചെൽസിയിൽ തുടരും. നേരത്തെ കഴിഞ്ഞ ജനുവരിയിൽ ഫ്രാങ്ക് ലമ്പാർഡിനെ ചെൽസി പുറത്താക്കിയതിന് പിന്നാലെയാണ് ടൂഹൽ ചെൽസി പരിശീലകനായി എത്തുന്നത്. അന്ന് 18 മാസത്തെ കരാറിലാണ് ടൂഹൽ ചെൽസിയിൽ എത്തിയത്. തുടർന്ന് ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ടൂഹൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും ടോപ് ഫോറും നേടികൊടുത്തിരുന്നു.
തുടർന്നാണ് പരിശീലകന് പുതിയ കരാർ നൽകാൻ ചെൽസി തീരുമാനിച്ചത്. ചാമ്പ്യൻസ് ലീഗിൽ വമ്പന്മാരായ അത്ലറ്റികോ മാഡ്രിഡ്, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി എന്നിവരെ തോൽപിച്ചാണ് ടൂഹൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടി കൊടുത്തത്. ചെൽസിയെ എഫ്.എ കപ്പ് ഫൈനലിൽ എത്തിച്ചെങ്കിലും ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് ചെൽസി തോറ്റിരുന്നു. ചെൽസിയെ 30 മത്സരങ്ങളിൽ പരിശീലിപ്പിച്ച ടൂഹൽ 19 ജയങ്ങൾ ടീമിന് നേടികൊടുത്തിരുന്നു. അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ചെൽസി പരാജയപ്പെട്ടത്.