ബ്രസീലിയൻ സെന്റർ ബാക്ക് തിയാഗോ സിൽവയുടെ കരാർ ചെൽസി പുതുക്കി. താരം ഒരു വർഷത്തേക്ക് കരാർ പുതുക്കിയതായി ക്ലബ് അറിയിച്ചു. 2022-23 സീസൺ അവസാനം വരെ താരം തുടരും. അടുത്ത ലോകകപ്പിൽ ബ്രസീൽ ടീമിൽ എത്തുക എന്നത് കൂടെ കണക്കിൽ എടുത്താണ് സിൽവ ചെൽസിയിൽ തുടരാൻ തീരുമാനിച്ചത്. 2020ലെ സമ്മറിൽ ആയിരുന്നു സിൽവ പി എസ് ജി വിട്ട് ചെൽസിയിൽ എത്തിയത്.
പരിശീലകൻ ടൂഹലും സിൽവ ക്ലബിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സിൽവയുടെ പരിചയ സമ്പത്ത് ടീമിന് ഏറെ ഗുണം ചെയ്യും എന്ന് ക്ലബ് വിശ്വസിക്കുന്നു. ഇതുവരെ ചെൽസിക്ക് വേണ്ടി 56 മത്സരങ്ങൾ സിൽവ കളിച്ചിട്ടുണ്ട്. 37ആം വയസ്സിലും ലോക നിലവാരത്തിലാണ് ബ്രസീലിയൻ താരം കളിക്കുന്നത്.
‘ചെൽസിക്കൊപ്പം ഇവിടെ കളിക്കുക എന്നത് യഥാർത്ഥ സന്തോഷമാണ്. ഈ മഹത്തായ ക്ലബ്ബിൽ മൂന്ന് വർഷം ഇവിടെ കളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അതിനാൽ മറ്റൊരു സീസണിൽ തുടരുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” തിയാഗോ സിൽവ കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.