ചരിത്ര നിമിഷങ്ങള്‍ക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം സാക്ഷിയായേക്കുമെന്ന പ്രതീക്ഷകള്‍ നല്‍കി ഗുജറാത്തിനെതിരെ മൂന്നാം ദിവസം മേല്‍ക്കൈ നേടി കേരളം. ആദ്യ ഓവറുകളില്‍ തന്നെ നാല് ഗുജറാത്ത് ബാറ്റ്സ്മാന്മാരെ മടക്കി അയയ്ച്ച് കേരളം മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടുകയായിരുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും കേരളത്തിനു രഞ്ജി ട്രോഫിയില്‍ ഒരു സെമി ബെര്‍ത്താണ് ആറ് വിക്കറ്റ് അകലെ നിലകൊള്ളുന്നത്.
195 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിനു ആദ്യം ഇരട്ട പ്രഹരം ഏല്പിച്ചത് ബേസില്‍ തമ്പിയായിരുന്നു. ഇന്നിംഗ്സിലെ ആറാം ഓവറിലെ ആദ്യ പന്തിലും അവസാന പന്തിലും ഓപ്പണര്‍മാര്‍ കതന്‍ പട്ടേലിനെയും(5) പ്രിയാംഗ് പഞ്ചലിനെയും പുറത്താക്കി തമ്പി കേരളത്തിനു മികച്ച തുടക്കം നല്‍കി. തൊട്ടടുതത് ഓവറില്‍ ഗുജറാത്ത് നായകന്‍ പാര്‍ത്ഥിവ് പട്ടേലിനെ കേരള നായകന്‍ സച്ചിന്‍ ബേബി റണ്ണൗട്ടാക്കി.
9ാം ഓവറില്‍ റുജുല്‍ ഭട്ടിനെ പുറത്താക്കി സന്ദീപ് വാര്യറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. 11 ഓവറുകള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സാണ് നേടിയിട്ടുള്ളത്. 15 റണ്‍സുമായി നില്‍ക്കുന്ന രാഹുല്‍ ഷാ ആണ് കേരളത്തിനു ഭീഷണിയും ഗുജറാത്തിനു പ്രതീക്ഷയുമായി ബാറ്റ് വീശുന്നത്.