എൻ.ബി.സി അവരുടെ പ്രീമിയർ ലീഗ് മത്സരങ്ങളുടെ പ്രൊമോഷനു ആയി നിർമിച്ച കഥാപാത്രങ്ങൾ അടിസ്ഥാനമാക്കി ജേസൻ സുഡക്സ്, ബിൽ ലോറൻസ്, ബ്രണ്ടൻ ഹണ്ട്, ജോ കെല്ലി എന്നിവർ സൃഷ്ടിച്ച ടെലിവിഷൻ സീരീസ് ആണ് ‘ടെഡ് ലാസോ’. ആപ്പിൾ ടിവി, വാർണർ ബ്രോസ് എന്നിവരിലൂടെ ലോകം മുഴുവൻ കണ്ട ഈ സീരീസിൽ മുഖ്യ കഥാപാത്രങ്ങൾ ആയി അഭിനയിച്ചത് ജേസൻ സുഡക്സ്, ഹന്ന വാഡിങ്ഹാം, ജെറമി സ്വിഫ്റ്റ്, ബ്രറ്റ് ഗോൾഡ്സ്റ്റയിൽ, ബ്രണ്ടൻ ഹണ്ട്, നിക് മുഹമ്മദ്, ജൂണോ ടെമ്പിൾ, തൊഹീബ് ജിമോ, ഫിൽ ഡൻസ്റ്റർ, സാറ നൈൽസ് എന്നിവർ ആണ്. സ്പോർട്സ് കോമഡി, ഡ്രാമ ആയ സീരീസിൽ ഇത് വരെ പുറത്ത് ഇറങ്ങിയത് 2 സീസണുകൾ ആണ്. ഫുട്ബോളിലൂടെ അതിമനോഹരമായ വിധം ജീവിതം പറഞ്ഞ ‘ടെഡ് ലാസോ’ ഇതിനകം കവർന്നത് ലോകം എമ്പാടും ഉള്ള ആരാധകരുടെ ഹൃദയം ആണ്. മികച്ച പ്രകടനങ്ങൾ കൊണ്ടും അതിമനോഹരമായ എഴുത്ത് കൊണ്ടും വിസ്മയം ആയ സീരീസിൽ 2 സീസണുകളിൽ ആയി 22 എപ്പിസോഡ് ആണ് ഇത് വരെ പുറത്ത് വന്നത്. രണ്ടു സീസണുകളിൽ ആയി അവാർഡുകൾ വാരിക്കൂട്ടുക ആയിരുന്നു ‘ടെഡ് ലാസോ’. 10 എപ്പിസോഡ് ഉള്ള ആദ്യ സീസണിൽ 20 എമ്മി നോമിനേഷനുകൾ നേടിയ സീരീസിലെ പ്രകടനത്തിന് ജേസൻ സുഡക്സ്, ഹന്ന വാഡിങ്ഹാം, ബ്രറ്റ് ഗോൾഡ്സ്റ്റയിൽ എന്നിവർ അവാർഡുകൾ നേടുകയും ചെയ്തു. 12 എപ്പിസോഡ് ഉള്ള രണ്ടാം സീസണിൽ മികച്ച കോമഡി സീരീസ് ആയി എമ്മി അവാർഡ് നേടുകയും കൂടുതൽ അവാർഡുകൾ സ്വന്തമാക്കുകയും ചെയ്തു.
ഫുട്ബോളിനെ കുറിച്ചു വലിയ അറിവ് ഒന്നും ഇല്ലാത്ത അമേരിക്കൻ ഫുട്ബോൾ കോളേജ് തലത്തിൽ പരിശീലിപ്പിച്ച ടെഡ് ലാസോ എന്ന അമേരിക്കൻ പരിശീലകൻ ലണ്ടനിലുള്ള പ്രീമിയർ ലീഗ് ക്ലബ് ആയ എ.എഫ്.സി റിച്ച്മൗണ്ട് പരിശീലകൻ ആയി വരുന്നിടത്ത് ആണ് കഥ തുടങ്ങുന്നത്. വിവാഹ മോചനത്തിന്റെ ഭാഗം ആയി ടീം ഉടമയായി മാറിയ റെബേക്ക വെൽറ്റൻ തന്റെ ചതിയൻ ആയ മുൻ ഭർത്താവിനോട് പ്രതികാരം ചെയ്യണം എന്ന ഉദ്ദേശത്തോടെ ടീം തകർക്കണം എന്നു കരുതി തന്നെയാണ് ടെഡ് ലാസോയെ ടീം പരിശീലകൻ ആക്കുന്നത്. റിച്ച്മൗണ്ട് ആരാധകരിൽ നിന്നും താരങ്ങളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അതി ക്രൂരമായ പരിഹാസങ്ങളും സംശയവും നേരിട്ട് തന്നെയാണ് ടെഡും സഹ പരിശീലകൻ കോച്ച് ബിയേർഡും തങ്ങളുടെ ജോലി തുടങ്ങുന്നത്. എന്നാൽ തന്റെ ഉള്ളു തുറന്നുള്ള പെരുമാറ്റം കൊണ്ടും ഒരിക്കലും പ്രതീക്ഷ കൈവിടാത്ത മനോഭാവം കൊണ്ടും ജയത്തിനും തോൽവിക്കും അപ്പുറം മനുഷ്യനെ കാണാനുള്ള ശ്രമങ്ങൾ കൊണ്ടും ടെഡ് ലാസോ തന്റെ ‘ലാസോ വേ’ കൊണ്ടു ഓരോരുത്തരെ ആയിട്ട് കയ്യിൽ എടുക്കുന്നത് ആണ് പിന്നീട് കാണാൻ ആവുന്നത്. കളിക്കാരും ആരാധകരും പത്രപ്രവർത്തകരും ഒടുവിൽ സാക്ഷാൽ റെബേക്ക വരെ ടെഡിനു ഒപ്പം ആവുന്നുണ്ട്. ഒരർത്ഥത്തിൽ ടെഡ് കീഴടക്കുന്നത് ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ ഹൃദയം കൂടിയാണ്.
1999 ൽ ചെസ്റ്റർ സിറ്റി പരിശീലകൻ ആയ അമേരിക്കൻ ഫുട്ബോൾ പരിശീലകൻ ആയ ടെറി സ്മിത്ത് ആണ് ടെഡ് ലാസോക്ക് പ്രചോദനം ആയത്. അതോടൊപ്പം ബ്രറ്റ് ഗോൾഡ്സ്റ്റയിൽ അവിസ്മരണീയമാക്കിയ റോയ് കെന്റ് എന്ന ചെൽസി ഇതിഹാസം ആയ റിച്ച്മൗണ്ട് ഫുട്ബോൾ താരം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സാക്ഷാൽ റോയ് കീനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട കഥാപാത്രം ആണ്. പതിവ് അമേരിക്കൻ സിറ്റ്കോമുകൾ പോലെ ഒരുപാട് പോപ്പുലർ കൾച്ചർ റെഫറൻസ് മനോഹരമായി ഉപയോഗിക്കുന്ന സീരീസ് ഫുട്ബോളിനെ തമാശക്ക് ആയി അതിമനോഹരമായി ആണ് സീരീസിൽ ഉപയോഗിച്ചത്. കഥാപാത്രങ്ങൾക്ക് പുറമെ തിയറി ഒൻറി, ഇയാൻ റൈറ്റ് തുടങ്ങി ഫുട്ബോൾ ഇതിഹാസങ്ങളും കമന്ററേറ്റർമാരും സീരീസിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം പ്രീമിയർ ലീഗിലും അല്ലാതെയും കളിക്കുന്ന ഇംഗ്ലണ്ടിലെ പ്രമുഖ ക്ലബുകൾ പലതും സീരീസിൽ റെഫറൻസ് ആയി കടന്നു വരുന്നുണ്ട്. പല സംസ്കാരങ്ങളിൽ നിന്നു കളിക്കാരുടെ മാനസിക സംഘർഷങ്ങൾ അവർ തമ്മിലുള്ള പ്രശ്നങ്ങൾ, സൗഹൃദം അവരും പരിശീലകരും തമ്മിലുള്ള ബന്ധം അവരുടെ വ്യക്തി ജീവിതവും പ്രണയവും തുടങ്ങി എല്ലാം അതിമനോഹരമായി ആണ് ടെഡ് ലാസോ ആവിഷ്കരിക്കുന്നത്. ഒരു ഫുട്ബോൾ ക്ലബ് എങ്ങനെയാണ് നടന്നു പോവുന്നത് എന്നത് മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ചു ടെഡ് ലാസോ പറയുന്നുണ്ട്. ക്ലബിൽ ആരും ചെറുത് അല്ല എന്ന് തന്റെ പ്രവർത്തിയിലൂടെയാണ് ടെഡ് കാണിച്ചു തരുന്നത്. കളിക്കാർ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ അത് ശാസ്ത്രീയമായി നേരിടേണ്ട പ്രാധാന്യം. അവരുടെ ചെറുത് എന്നു തോന്നുന്ന വലിയ പ്രശ്നങ്ങൾ ഒപ്പം ഫുട്ബോളിൽ പിടിമുറുക്കുന്ന മോശം കോർപ്പറേറ്റുകൾക്ക് എതിരായ കളിക്കാരുടെ ശബ്ദം ഉയരേണ്ടതിലെ രാഷ്ട്രീയം. നന്മക്ക് ആയി പ്രവർത്തിക്കേണ്ട ആവശ്യകത. മാധ്യമ പ്രവർത്തകരുടെ പ്രതിനിധി ആവുന്ന ട്രെന്റ് ഗ്രിമ്മും എല്ലാറ്റിനും അപ്പുറം ആരാധകരും എല്ലാം മികച്ച രീതിയിൽ ആണ് സീരീസിൽ ആവിഷ്കരിക്കപ്പെട്ടത്.
ഒരർത്ഥത്തിൽ ഏതൊരു ഫുട്ബോൾ ആരാധകനും കണ്ടു തന്നെ അറിയേണ്ട അനുഭവിക്കേണ്ട മനോഹരമായ സീരീസ് ആണ് ടെഡ് ലാസോ. ജേസൻ സുഡക്സ് അതിമനോഹരമായാണ് സ്ക്രീനിൽ ടെഡ് ആയി മാറുന്നത്. ഹന്ന വാഡിങ്ഹാമിന്റെ റെബേക്കയും റോയ് കെന്റ് ആയി ബ്രറ്റ് ഗോൾഡ്സ്റ്റയിനും അതിമനോഹരമായ പ്രകടനം ആണ് കാഴ്ചവച്ചത്. ഡയറക്ടർ ഓഫ് ഫുട്ബോൾ ആയി ജെറമി സ്വിഫ്റ്റിന്റെ ലെസ്ലിയും ജൂണോ ടെമ്പിളിന്റെ കീലി ജോൺസും കോച്ച് ബിയേർഡ് ആയി ബ്രണ്ടൻ ഹണ്ടും ശ്രദ്ധേയമായ പ്രകടനം ആണ് നടത്തിയത്. ക്ലബിന്റെ കിറ്റ് മാനിൽ നിന്നു കോച്ച് ആയി ഉയരുന്ന നിക് മുഹമ്മദിന്റെ നേഥൻ ഷെല്ലിയും ആദ്യം വെല്ലുവിളി നേരിട്ട ശേഷം പിന്നീട് ഉയർന്നു വരുന്ന നൈജീരിയൻ താരമായ തൊഹീബ് ജിമോയുടെ സാമും അഹങ്കാരവും മറ്റുള്ളവരോട് പുച്ഛവും വലിയ ഈഗോയും ഉള്ള താരമായ ഫിൽ ഡൻസ്റ്ററിന്റെ ജെയ്മി ട്രാറ്റിനും ഒക്കെ ഫുട്ബോളിൽ തന്നെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കണ്ടത്താൻ ആവുന്നത് ആണ്. പലപ്പോഴും ചെറിയ ട്വിസ്റ്റുകൾ തരുന്ന കഥ ഫുട്ബോൾ ആരാധകരെ ഒരിക്കലും ബോർ അടിപ്പിക്കുന്ന ഒന്നാവില്ല. വലിയ ട്വിസ്റ്റ് തന്നു ആണ് രണ്ടാം സീസൺ അവസാനിപ്പിക്കുന്നത് എന്നത് കൊണ്ട് അടുത്ത സീസണിനു ആയി വലിയ കാത്തിരിപ്പ് ആണ് ആരാധകർ. ടെഡ് ലാസോയും ആയി പ്രീമിയർ ലീഗ് കരാറിൽ ഏർപ്പെട്ടതിനാൽ തന്നെ അടുത്ത സീസൺ മുതൽ പഴയ ഫുട്ബോൾ ഫൂട്ടേജുകൾ അടക്കം പലതും സീരീസിൽ നമുക്ക് കാണാൻ സാധിക്കും. അത്ര വലിയ ഫുട്ബോൾ ആരാധകർ അല്ലാത്ത അമേരിക്കൻ ജനതയുടെ മനസ്സ് കൂടി കീഴടക്കിയ ടെഡ് ലാസോ അടുത്ത സീസണിലും വിസ്മയം തീർക്കും എന്ന പ്രതീക്ഷ ആണ് ആരാധകർക്ക് ഉള്ളത്. ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഉള്ളു തുറന്നു ചിരിക്കാനും ചിന്തിക്കാനും ഇഷ്ടമുള്ള ആരുടെയും മനസ്സ് നിറക്കുന്ന എല്ലാം ടെഡ് ലാസോയിൽ ഉണ്ട്. ഉറപ്പായും കാണേണ്ട ഒരു സിറ്റ്കോം തന്നെയാണ് ടെഡ് ലാസോ, സീരീസിൽ റിച്ച്മൗണ്ട് താരം ആയ ഡാനി റൊഹാസ് എപ്പോഴും പറയും പോലെ ‘ഫുട്ബോൾ ഈസ് ലൈഫ്’ തന്നെയാണ്.