പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ യോഗ്യത നേടാനാകാതെ ഇന്ത്യയുടെ തജീന്ദര്‍പാൽ സിംഗ്. ഇന്ന് നടന്ന ഗ്രൂപ്പ് എ യോഗ്യത മത്സരത്തിൽ 19.99 മീറ്റര്‍ ദൂരമാണ് തജീന്ദര്‍ നേടിയത്. എന്നാൽ 16 പേരുള്ള ഗ്രൂപ്പിൽ നിന്ന് 13ാം സ്ഥാനത്തെത്തുവാനേ തന്റെ മൂന്നാം ശ്രമം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചുള്ളു.
ആദ്യ ശ്രമത്തിൽ തജീന്ദര്‍പാൽ സിംഗ് 19.99 മീറ്ററാണ് എറിഞ്ഞത്. 21.20 ആയിരുന്നു നേരിട്ടുള്ള യോഗ്യതയ്ക്കുള്ള മാര്‍ക്ക്. രണ്ടാം ശ്രമം പരാജയപ്പെട്ടപ്പോള്‍ മൂന്നാം ശ്രമവും ഫൗളായി അവസാനിക്കുകയായിരുന്നു. 2018ൽ ഏഷ്യന്‍ ഗെയിംസ് ജേതാവായ താരത്തിന്റെ പേഴ്സണൽ ബെസ്റ്റ് 21.49 മീറ്റര്‍ ആണ്.
ഈ റൗണ്ടിൽ നിന്ന് ന്യൂസിലാണ്ടിന്റെ ടോമി വാൽഷ് 21.49 ബ്രസീലിന്റെ ഡാര്‍ലന്‍ റൊമാനിയും ഈജിപ്റ്റിന്റെ അമര്‍ മൊസ്തഫ ഹസ്സനും മാത്രമാണ് നേരിട്ട് യോഗ്യത നേടിയത്. ഡാര്‍ലന്‍ 21.31 മീറ്ററും ഹസ്സന്‍ 21.23 മീറ്ററുമാണ് എറിഞ്ഞത്.
ഇതിൽ ടോമി വാൽഷ് തന്റെ അവസാന ശ്രമത്തിൽ ഫൗള്‍ ആയെങ്കിലും പിന്നീട് അപ്പീൽ പോയാണ് യോഗ്യത നേടിയെടുത്തത്.