“ഫുട്ബോൾ ബ്ലഡി ഹെൽ” എന്ന അലക്സ് ഫെർഗൂസന്റെ പ്രശസ്തമായ വാക്കുകൾ ഒരോ ഫുട്ബോൾ പ്രേമിയും പറയുന്ന തരത്തിൽ ഉള്ള ഒരു മത്സരം. പെനാൾട്ടി നഷ്ടമാക്കൽ, ലോക നിലവാരമുള്ള ഗോളുകൾ, ഇഞ്ച്വറി ടൈം ഈക്വലൈസർ, എക്സ്ട്രാ ടൈം, പെനാൾട്ടി ഷൂട്ടൗട്ട്… ഇന്നത്തെ സ്വിറ്റ്സർലാന്റ് ഫ്രാൻസ് പോരാട്ടത്തിന് ഒരു ക്ലാസിക് ഫുട്ബോൾ മത്സരത്തിനു വേണ്ട എല്ലാ ചേരുവകളും ഉണ്ടായിരുന്നു.
ഈ ചേരുവകൾക്ക് എല്ലാം അവസാനം സ്വിറ്റ്സർലാന്റ് വിജയിച്ചു. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 3-3 എന്ന നിലയിൽ അവസാനിച്ച മത്സരം പെനാൾട്ടി ഷൂട്ടൗട്ടിൽ 5-4ന് വിജയിച്ചാണ് സ്വിറ്റ്സർലാന്റ് ക്വാർട്ടറിലേക്ക് മുന്നേറിയത്. സൂപ്പർ താരം എമ്പപ്പെയുടെ പെനാൾട്ടി ലക്ഷ്യം കാണാത്തതാണ് ഫ്രാൻസിന് വിനയായത്.
ടൂർണമെന്റ് ഫേവറിറ്റുകളായ ഫ്രാൻസിനെ ഞെട്ടിക്കുന്ന തുടക്കമാണ് ഇന്ന് സ്വിറ്റ്സർലാന്റിൽ നിന്ന് കണ്ടത്. മത്സരത്തിന്റെ 15ആം മിനുറ്റിൽ തന്നെ സ്വിസ്സ് പട ലീഡ് എടുത്തു. സ്റ്റീവൻ സുബെറിന്റെ ഇടതു ഭാഗത്തു നിന്നുള്ള ക്രോസ് ഉയർന്ന് ചാടി സെഫറോവിച് വലയിൽ എത്തിക്കുക ആയിരുന്നു. ഫ്രാൻസ് സെന്റർ ബാക്കെങ് ലെറ്റിനെ മറികടന്നായിരുന്നു സെഫറോവിചിന്റെ ഹെഡർ. സുബെറിന്റെ അവസാന രണ്ടു മത്സരങ്ങളിൽ നിന്നായുള്ള നാലാം അസിസ്റ്റായിരുന്നു ഇത്.
ഇത് മാത്രമായിരുന്നു ആദ്യ പകുതിയിലെ നല്ല ഒരു അവസരം. ഫ്രാൻസിന് ആദ്യ പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും ആയില്ല. സ്വിസ്സ് ഡിഫൻസ് എളുപ്പത്തിൽ ഫ്രാൻസിനെ നിയന്ത്രിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലെങ്ലെറ്റിനെ മാറ്റി കോമനെ ഇറക്കി ദെഷാംസ് തന്റെ സ്ഥിരം ഫോർമേഷനിലേക്ക് മാറി. എന്നിട്ടും ഫ്രാൻസ് അവസരങ്ങൾ ഉണ്ടാക്കാൻ കഷ്ടപ്പെട്ടു.
മറുവശത്ത് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സ്വിറ്റ്സർലാന്റ് ആക്രമണങ്ങൾ നടത്തി. 55ആം മിനുട്ടിൽ സുബെറിനെ പവാർഡ് വീഴ്ത്തിയതിന് വാർ പെനാൾട്ടി വിധിച്ചു. കളി സ്വന്തമാക്കാനുള്ള സ്വിറ്റ്സർലാന്റിന്റെ സുവർണ്ണാവസരമായിരുന്നു ഇത്. എന്നാൽ പെനാൾട്ടി എടുത്ത റോഡ്രിഗസിന് പിഴച്ചു. എളുപ്പത്തിൽ ലോറിസ് ആ പെനാൾട്ടി സേവ് ചെയ്തു.
ഈ പെനാൾട്ടി നഷ്ടപ്പെടുത്തിയതിന് സ്വിറ്റ്സർലാന്റ് വലിയ വിലകൊടുക്കേണ്ടി വന്നു. ആ പെനാൾട്ടി മിസ്സ് ചെയ്ത് നാലു മിനുട്ടുകൾക്ക് അകം ഫ്രാൻസ് രണ്ടു ഗോളടിച്ച് കളിയിൽ ലീഡ് എടുത്തു. 57ആം മിനുട്ടിൽ എമ്പപ്പെയുടെ പാസ് മനോഹരമായ ടച്ചിലൂടെ വരുതിയിലാക്കിയ ബെൻസീമ പന്ത് വലയിൽ എത്തിച്ച് കളിയിൽ സമനില പിടിച്ചു. തൊട്ടടുത്ത മിനുട്ടിൽ ബെൻസീമ തന്നെ വീണ്ടും സ്ട്രൈക്ക് ചെയ്തു.
ഇത്തവണ എമ്പപ്പെയും ഗ്രീസ്മനും ചേർന്ന് നടത്തിയ അറ്റാക്കിന് ഒടുവിൽ ഒരു ഹെഡറിലൂടെ ബെൻസീമ പന്ത് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ബെൻസീമയുടെ ടൂർണമെന്റിലെ നാലാം ഗോളാണിത്. 5 മിനുട്ടുകൾക്ക് ഇടയിൽ കളി മാറി മറഞ്ഞത് സ്വിസ്സ് താരങ്ങളെ തളർത്തി. ഇതിനു ശേഷം ഫ്രാൻസിന്റെ തുടർ ആക്രമണങ്ങൾ ആണ് കണ്ടത്. 75ആം മിനുട്ടിൽ 25വാരെ അകലെ നിന്ന് പോൾ പോഗ്ബയുടെ ഒരു വേൾഡ് ക്ലാസ് സ്ട്രൈക്ക് ഫ്രാൻസിന്റെ മൂന്നാം ഗോളായി മാറി. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളിൽ ഒന്നായിരുന്നു ഇത്.
81ആം മിനുട്ടിൽ സെഫറോവിച് ഒരു ഗോൾ മടക്കി കളി ആവേശത്തിലാക്കി. എമ്പബുവിന്റെ ഒരു പിൻ പോയിന്റ് ക്രോസിൽ നിന്നായിരുന്നു സെഫറോവിചിന്റെ രണ്ടാം ഗോൾ. (സ്കോർ ഫ്രാൻസ് 3-2 സ്വിറ്റ്സർലാന്റ്). 85ആം മിനുട്ടിൽ ഗാവ്രനോവിച് സ്വിസ്സിനായി പന്ത് വലയിൽ എത്തിച്ചു എങ്കിലും താരം ഓഫ്സൈഡ് ആയിരുന്നത് ഫ്രാൻസിന് ശ്വാസം തിരികെ നൽകി. പക്ഷെ സ്വിസ്സ് പോരാട്ടം അവിടെ അവസാനിച്ചില്ല.
90ആം മിനുട്ടിൽ ഗവ്രനോവിച് വീണ്ടും വലകുലുക്കി. ഇത്തവണ സ്കോർ ബോർഡ് ചലിച്ചു. നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ സ്കോർ 3-3. ഏതൊരു ഫുട്ബോൾ ആരാധകനു ഫുട്ബോൾ അല്ലെ ഈ ലോകത്തെ ഏറ്റവും മികച്ച എന്റർടെയിൻമെന്റ് എന്ന് ചോദിച്ചു പോയ നിമിഷം. എന്നാൽ സംഭവങ്ങൾ അവിടെയും അവസാനിച്ചില്ല. ഇഞ്ച്വറി ടൈമിന്റെ അവസാന കിക്ക് എടുത്ത ഫ്രാൻസിന്റെ കോമന്റെ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്ത് പോയി. ഇതോടെ കളി എക്സ്ട്രാ ടൈമിൽ എത്തി.
എക്സ്ട്രാ ടൈമിൽ പരിക്കേറ്റ ബെൻസീമയ്ക്ക് പകരം ജിറൂദ് ഫ്രാൻസിനായി കളത്തിൽ എത്തി. 95ആം മിനുട്ടിൽ പെനാൾട്ടി ബോക്സിനകത്ത് നിന്നുള്ള പവാർഡിന്റെ ഒരു ഷോട്ട് യാൻ സൊമ്മർ സേവ് ചെയ്ത് രക്ഷപ്പെടുത്തി. എക്സ്ട്രാ ടൈമിൽ തളർച്ചയും കരുതലും മത്സരത്തിന്റെ വേഗത കുറച്ചു. 110ആം മിനുട്ടിൽ പോഗ്ബയുടെ ഒരു പാസ് എമ്പപ്പെയ്ക്ക് തുറന്ന അവസരം നൽകിയെങ്കിലും മുതലെടുക്കാൻ സൂപ്പർ സ്ട്രൈക്കർക്ക് ആയില്ല. 118ആം മിനുട്ടിലെ ജിറൂദിന്റെ ഹെഡർ സോമർ തടയുകയും ചെയ്തു. 120 മിനുട്ട് കഴിഞ്ഞതോടെ കളി പെനാൾട്ടിയിലേക്ക് എത്തി.
പെനാൾട്ടി ഷൂട്ടൗട്ടിൽ ഫ്രാൻസിന് കാലിടറി. ഗവ്രനോവിച്, ഷേർ, അകാഞ്ജി, വാർഗസ്, മെഹ്മെദി എന്നിവർ സ്വിറ്റ്സർലാന്റിന്റെ ആദ്യ അഞ്ചു കിക്കുകൾ വലയിൽ എത്തിച്ചു. പോഗ്ബ, ജിറൂദ്, തുറാം, കിമ്പെമ്പെ എന്നിവർ ഫ്രാൻസിനായും ലക്ഷ്യം കണ്ടു. പക്ഷേ അഞ്ചാം കിക്ക് എടുക്കാൻ എത്തിയ എമ്പപ്പെയ്ക്ക് പിഴച്ചു. യാൻ സൊമ്മറിന്റെ സേവ് സ്വിറ്റ്സർലാന്റ് വിജയം ഉറപ്പിച്ചു.
ലീഡിൽ നിൽക്കെ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തക, അതിനു ശേഷം 3-1ന് പിറകിൽ പോവുക. അവിടെ നിന്ന് തിരിച്ചടിച്ച് ഇഞ്ച്വറി ടൈമിൽ കളി 3-3 ആക്കുക. അവിടെ നിന്ന് എക്സ്ട്രാ ടൈമും പെനാൾട്ടി ഷൂട്ടൗട്ടും വരെ ലോക ചാമ്പ്യന്മാരോട് പൊരുതി നിന്ന് വിജയിച്ച സ്വിറ്റ്സർലാന്റിന്റെ പോരാട്ട വീര്യം ഏതു ഫുട്ബോൾ പ്രേമിക്കും ആവേശം നൽകുന്നതാണ്.
വിജയിച്ചു ക്വാർട്ടറിൽ എത്തിയ സ്വിറ്റ്സർലാന്റ് ഇനി സ്പെയിനിനെ ആകും നേരിടേണ്ടി വരിക.