ലോകജേതാക്കന്മാർക്ക് എതിരെ ഹൃദയം കൊണ്ട് ഫുട്‌ബോൾ കളിച്ചു നായകനായി ഗ്രാനിറ്റ് ശാക്ക

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് സ്വിസ് ഫുട്‌ബോളിന്റെ ദിനം ആണ്, റോജർ ഫെഡറർ എന്ന ടെന്നീസ് ഇതിഹാസത്തിന് ജന്മം നൽകിയ സ്വിസ് കായികമേഖല ഫുട്ബോൾ കൊണ്ട് അത്ഭുതം രചിച്ച ദിനം. 1954 ലോകകപ്പിന് ശേഷം 67 വർഷങ്ങൾക്ക് ശേഷം സ്വിസ് ടീം ഒരു പ്രധാന ടൂർണമെന്റിന്റെ അവസാന എട്ടിൽ എത്തുന്നു അതും ലോക ജേതാക്കൾ ആയ ഫ്രാൻസിനെ മറികടന്നു. ഒരുപാട് നായകന്മാർ പിറന്നു ഇന്ന് സ്വിസ് ടീമിനായി, ഇരട്ടഗോളുകൾ നേടി തിളങ്ങിയ മുന്നേറ്റ താരം സെഫറോവിച്, പകരക്കാരൻ ആയി ഇറങ്ങി സമനില ഗോൾ 90 മിനിറ്റിൽ കണ്ടത്തിയ ഗ്രവ്രണോവിച്, വേഗം കൊണ്ടു ഫ്രാൻസിനെ വെള്ളം കുടിപ്പിച്ചു ഒരു അസിസ്റ്റു നൽകിയ സൂബർ, പകരക്കാരൻ ആയി ഇറങ്ങി ഗോളവസരം ഉണ്ടാക്കിയ എംബബു പിന്നെ എംബപ്പെയെ വിടാതെ പിന്തുടർന്ന സ്വിസ് പ്രതിരോധം. നിഴൽ പോലെ എംബപ്പെയെ പിന്തുടർന്നു പൂട്ടിയ എൽവെദിയും പ്രതിരോധം നയിച്ച അകാഞ്ചിയും ഒപ്പം പെനാൽട്ടി ഷൂട്ട് ഔട്ടിൽ എംബപ്പെയുടെ പെനാൽട്ടി രക്ഷിച്ചു സ്വിസ് ടീമിന് ജയം സമ്മാനിച്ച സോമർ. ഉറപ്പായിട്ടും ഇങ്ങനെ നിരവധി നായകന്മാർ ആണ് സ്വിസിന് ഇന്ന് പിറന്നത്. പക്ഷെ കളിയിലെ നായകൻ ആയി തിരഞ്ഞെടുത്തത് പക്ഷെ ഇവർ ആരുമായിരുന്നില്ല അത് ആഴ്സണലിൽ നിരന്തര വിമർശനം കേൾക്കുന്ന ഗ്രാനിറ്റ് ശാക്ക എന്ന സ്വിസ് നായകൻ ആയിരുന്നു.

ലോകോത്തരം എന്നു മാത്രം വിളിക്കാവുന്ന ഫ്രാൻസ് മധ്യനിര, സാക്ഷാൽ എൻഗോള കാന്റെയും, റാബിയോറ്റും ഇന്ന് അവിശ്വസനീയം എന്ന വിധം ലോകോത്തര ഗോളുമായി കളം നിറഞ്ഞ പോൾ പോഗ്ബയും അടങ്ങുന്ന ഫ്രഞ്ച് മധ്യനിര. അവിടെയാണ് ഗ്രാനിറ്റ് ശാക്ക തന്റെ മികവ് അടയാളപ്പെടുത്തിയത്. പലപ്പോഴും സ്വിസ് മധ്യനിരയെ, പ്രതിരോധത്തെ ശാക്ക അനായാസം നിയന്ത്രിക്കുന്നത് കാണാൻ ആയി. അത് 1-0 മുന്നിൽ ഉള്ളപ്പോൾ ആവട്ടെ പിന്നീട് പെനാൽട്ടി നഷ്ടമാക്കി 3-1 നു പിന്നിൽ ആയ സമയത്ത് ആവട്ടെ ശാക്ക സ്വിസ് ടീമിന്റെ കടിഞ്ഞാൻ ഏറ്റെടുത്തു. പലപ്പോഴും ടീമിനെ നിരാശയിലേക്ക് പോവാൻ അനുവദിക്കാത്ത ശാക്ക ലോകോത്തര ഫ്രാൻസ് മധ്യനിരക്ക് മുന്നിൽ പ്രതിരോധത്തിനെ മുന്നിൽ നിന്നു നയിച്ചു. പലപ്പോഴും മുന്നിൽ ശാക്ക ഉണ്ട് എന്ന ധൈര്യം സ്വിസ് പ്രതിരോധത്തിനു ഊർജ്ജം ആയി.

നിർണായക സമയത്ത് പന്ത് നേടാൻ, കൈവശം വക്കാൻ, ആശങ്കയിൽ ആവാതെ കളിക്കാൻ തുടങ്ങി പലതിലും ശാക്ക എന്ന നായകൻ സ്വിസ് പടക്കു വലിയ പ്രചോദനം ആയി. ഒടുവിൽ 90 മത്തെ മിനിറ്റിൽ സ്വിസ് നേടിയ സമനില ഗോൾ അതുഗ്രൻ ഒരു പാസിലൂടെ ഒരുക്കിയതും ശാക്ക തന്നെയായിരുന്നു. ഫ്രാൻസിൽ നിന്നു നേടിയെടുത്ത പന്ത് പിടിച്ചെടുത്തു ഒട്ടും ആശങ്കയിൽ ആവാതെ പ്രത്യാക്രമണത്തിൽ ഗോൾ നേടിയ ഗ്രവ്രണോവിച്ചിനു വളരെ നിസാരം എന്നു തോന്നിക്കുന്ന വിധം ആണ് ശാക്ക പന്ത് മറിച്ചു നൽകിയത്. തുടർന്ന് അധിക സമയത്തും സ്വിസ് പ്രതിരോധം ഗോൾ വഴങ്ങിയില്ല എന്നുറപ്പിച്ച ശാക്ക, പെനാൽട്ടി ഷൂട്ട് ഔട്ടിൽ ടോസിനായി പോയപ്പോൾ പോലും അതിനകം ജയിച്ച ഒരു ടീമിന്റെ നായകന്റെ മുഖഭാവവും ആയിരുന്നു. 2016 ൽ പോളണ്ടിന് എതിരെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ നഷ്ടമായ ക്വാർട്ടർ ഫൈനൽ ഇത്തവണ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ലോക ചാമ്പ്യന്മാരെ വീഴ്‌ത്തി സ്വിസ് ടീം തിരിച്ചു പിടിക്കുമ്പോൾ ഏറ്റവും തല ഉയർത്തി നിൽക്കുന്നത് ഗ്രാനിറ്റ് ശാക്ക എന്ന നായകൻ തന്നെയാണ്. നിലവിൽ ആഴ്സണൽ വിട്ട് റോമയിൽ പോകും എന്ന് കരുതുന്ന താരത്തെ ആഴ്സണൽ നിലനിർത്താൻ ശ്രമിക്കാൻ വരെ കാരണമാവുന്ന പ്രകടനം കൊണ്ടു സ്വിസ് ആരാധകരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടുകയാണ് ശാക്ക. 2016 യൂറോയിൽ പോളണ്ടിന് എതിരെ പെനാൽട്ടി പാഴാക്കിയ ശാക്കയുടെ ഉയിത്ത് എഴുന്നേൽപ്പ് കൂടിയായി ഇത്. പ്രതീക്ഷിച്ചത് പോലെ ഇന്നത്തെ മത്സരത്തിലെ കേമനും ശാക്ക തന്നെയായിരുന്നു.