ഫൈനലുകളിൽ പരാജയപ്പെടാത്ത റെക്കോർഡ് സിനദിൻ സിദാൻ കാത്തു. ഇന്നലെ നടന്ന സൂപ്പർ കോപ ഫൈനലും വിജയിച്ച് റയലിന്റെ ക്യാബിനെറ്റിലേക്ക് ഒരു കിരീടം കൂടെ സിദാൻ ചേർത്തു. സൗദി അറേബ്യയിൽ വെച്ച് നടന്ന സൂപ്പർ കോപ്പ ഫൈനലിൽ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് റയൽ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ നിശ്ചിത സമയത്തോ എക്സ്ട്രാ ടൈമിലോ ഒരു ഗോൾ പോലും പിറന്നില്ല. പിന്നീട് പെനാൾറ്റി ഷൂട്ടൗട്ടിൽ 4-1ന് റയൽ വിജയിക്കുകയായിരുന്നു. റയലിനു വേണ്ടി കാർവഹാൽ, റോഡ്രിഗോ, മോഡ്രിച്, റാമോസ് എന്നിവർ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. അത്ലറ്റിക്കോയുടെ സോളും തോമസും പെനാൾട്ടി നഷ്ടപ്പെടുത്തുകയും ചെയ്തു.
റയലിന്റെ വിജയ ശില്പി ആയ യുവ താരം വാല്വെർദെ ആയിരുന്നു. കളിയുടെ 115ആം മിനുട്ടിൽ വാല്വെർദെ നടത്തിയ ഒരു ഫൗൾ ആണ് റയലിനെ വിജയിപ്പിച്ചത്. ഒരു കൗണ്ടർ അറ്റാക്കിൽ മൊറാട്ട ഒറ്റയ്ക്ക് റയൽ ഗോൾ മുഖത്തേക്ക് കുതിക്കുമ്പോൾ വാല്വെർദെ പിറകിൽ നിന്ന് മൊറാടയെ വീഴ്ത്തുകയായിരുന്നു. ആ ടാക്കിൽ വാല്വെർദെയ്ക്ക് ചുവപ്പ് നേടിക്കൊടുത്തു എങ്കിലും ഒരു ഗോൾ എന്നുറച്ച അവസരം ആണ് ആ ടാക്കിൽ കാരണം ഇല്ലാതെ ആയത്. വാല്വെർദെ തന്നെയാണ് കളിയിലെ മാൻ ഒഫ് ദി മാച്ച് ആയതും.