ഐ.എസ്.എല്ലിൽ ഇന്ന് പൊടി പാറും ചെന്നൈയിൻ – ബെംഗളൂരു പോരാട്ടം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ.എസ്.എല്ലിൽ ഇന്ന് പൊടിപാറും പോരാട്ടം, ആദ്യത്തെ രണ്ടു സ്ഥാനക്കാർ പോരാടുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്.സി സ്വന്തം ഗ്രൗണ്ടിൽ ബെംഗളൂരു എഫ്.സിയെ നേരിടും. ഇന്ന് ജയിച്ചാൽ ബെംഗളൂരു എഫ്.സിക്ക് ഒന്നാം സ്ഥാനത്ത് 7 പോയിന്റിന്റെ അനിഷേധ്യ ലീഡ് നേടാമെന്നരിക്കെ മത്സരം കടുത്തതാവും. അതെ സമയം ബെംഗളൂരു എഫ്.സിയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച ചെന്നൈയിന് സ്വന്തം ഗ്രൗണ്ടിൽ  ബെംഗളുരുവിനെ തറപറ്റിച്ച് പോയിന്റ് പട്ടികയിൽ അവർക്ക് തൊട്ടുപിറകിൽ എത്താനാവും ശ്രമം.

നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1നു ചെന്നൈയിൻ എഫ്.സി ബെംഗളുരുവിനെ തോൽപ്പിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ടു ഫോർവേഡുകളായ ജെജെയും സുനിൽ ഛേത്രിയും പരസ്പരം മത്സരിക്കുന്നു എന്ന പ്രേത്യകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

കഴിഞ്ഞ മത്സരത്തിൽ എ.ടി.കെയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങുക. കഴിഞ്ഞ ഏഴ് മത്സരത്തിൽ ഒരു മത്സരം മാത്രമാണ് ചെന്നൈയിൻ എഫ്.സി തോറ്റത്. അത് കൊണ്ട് തന്നെ ബെംഗളുരുവിനെതിരെ വിജയം മാത്രം ലക്‌ഷ്യം വെച്ചാവും ചെന്നൈയിൻ ഇന്നിറങ്ങുക. ലീഗിൽ ഇതുവരെ ഏറ്റവും കുറവ് പരാജയങ്ങൾ ഏറ്റുവാങ്ങിയ ടീമും ചെന്നൈയിൻ  ആണ്. മൂന്ന് മത്സരങ്ങളിൽ മാത്രമാണ്  ചെന്നൈയിൻ ഇതുവരെ പരാജയപ്പെട്ടത്. ഏഴു ഗോളുമായി മികച്ച ഫോമിലുള്ള ജെജെ തന്നെയാവും ചെന്നൈയിൻ ആക്രമണം നയിക്കുക. 12 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ബെംഗളൂരുവിന് പിറകിൽ രണ്ടാം സ്ഥാനത്താണ്.

അതെ സമയം കഴിഞ്ഞ മൂന്ന് മത്സരങ്ങളും തുടർച്ചയായി വിജയിച്ചാണ് ബെംഗളൂരു ഇന്നിറങ്ങുന്നത്. ബെംഗളൂരു എഫ്.സിയുടെ കഴിഞ്ഞ മത്സരവും എ.ടി.കെക്കെതിരെ ആയിരുന്നു. മത്സരത്തിൽ ബെംഗളൂരു ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് എ.ടി.കെയെ മറികടന്നിരുന്നു. ബെംഗളൂരു നിരയിൽ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ രാഹുൽ ഭേക്കേയുടെ സേവനം ഇന്ന് നഷ്ട്ടമാകും. 8 ഗോളുകളുമായി ലീഗിലെ ഇന്ത്യൻ ടോപ് സ്‌കോറർ ആയ സുനിൽ ഛേത്രിയുടെ നേതൃത്വത്തിൽ ആവും ബെംഗളൂരു ഇന്ന് ചെന്നൈയിൻ ഗോൾ മുഖം ആക്രമിക്കുക. 13 മത്സരങ്ങളിൽ നിന്ന് 27പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial