മാർസലീനോ-ബ്ലാസ്റ്റേഴ്സ് ചർച്ച പരാജയം, പൂനെയുമായി കരാർ പുതുക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ മിന്നും താരം മാർസലീനോ അടുത്ത വർഷം കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമെന്ന് പ്രതീക്ഷയ്ക്ക് വിരാമം ആകുന്നു. താരം നിലവിലെ ക്ലബായ പൂനെ സിറ്റിയുമായി തന്നെ പുതിയ കരാറിൽ എത്തിയതായാണ് വിവരങ്ങൾ. അടുത്ത ദിവസങ്ങളിൽ തന്നെ മാർസലീനോ പൂബെ സിറ്റിയുമായി പുതിയ കരാർ ഒപ്പു വെക്കും. രണ്ടു വർഷത്തേക്കാകും പൂനെ സിറ്റിയുമായുള്ള മാർസലീനോയുടെ പുതിയ കരാർ.

താരം നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കണമെന്ന ആഗ്രഹം പരസ്യമായി മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കഴിഞ്ഞ മത്സരത്തിനു ശേഷം പ്രശംസിക്കുകയും ചെയ്തിരുന്നു. പൂനെ സിറ്റിയുടെ പുതിയ കരാർ ചർച്ചകൾ വന്നപ്പോൾ ഏജന്റ് വഴി കേരള ബ്ലാസ്റ്റേഴ്സുമായി താരം ചർച്ചയ്ക്ക് തയ്യാറാവുക ആയിരുന്നു.

എന്നാൽ താരം ആവശ്യപ്പെട്ട തുക നിലവിലെ ഐ എസ് എൽ റെക്കോർഡ് തുകയ്ക്കും മുകളിലാണ് എന്നതിനാൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ സമയം മാർസലീനോയോട് ആവശ്യപ്പെട്ടു. ഇതാണ് പൂനെയുമായുള്ള കരാർ അംഗീകരിക്കാൻ മാർസലീനോയെ നിർബന്ധിതനാക്കിയത്. ഈ ആഴ്ച തന്നെ മാർസലീനോ പുതിയ കരാറിൽ ഒപ്പിടും. പുതിയ കരാറോടെ അടുത്ത രണ്ടു സീസണുകളിൽ കൂടെ ഈ‌ ബ്രസീലിയൻ താരം ഓറഞ്ച് പടയിൽ തുടരുമെന്ന് ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial