കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ സുബ്രതോ മുഖർജി ലക്ഷദ്വീപ് യോഗ്യതമത്സരങ്ങളിൽ വലിയകരഗ്രൂപ്പിൽ നിന്നു ആരു സെമിഫൈനൽ കളിക്കുമെന്നറിയാൻ നാളെയും മറ്റന്നാളും കൂടി കാത്തിരിക്കേണ്ടി വരും. വൈകുന്നേരം നടന്ന ആദ്യ മത്സരത്തിൽ കിൽത്താൻ ഹൈസ്കൂളിനെതിരെ 4-2 നു ജയം കണ്ട കട്മത്ത് ജെ.എൻ.എസ്.എസ് സ്കൂൾ ഗ്രൂപ്പിൽ തങ്ങളുടെ സെമിഫൈനൽ സാധ്യതകൾ സജീവമാക്കി. അഗത്തിക്കെതിരെ 2 ഗോൾ നേടിയ റൈസാൽ യു.സി ഹാട്രിക് നേടി തിളങ്ങിയപ്പോൾ കിൽത്താനു ഒരേദിവസം രണ്ടാം തോൽവി. രാവിലെ നടന്ന മത്സരത്തിൽ ആന്ത്രോത്തിനോടും അവർ തോറ്റിരുന്നു. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ വലകുലുക്കിയ റൈസാലിലൂടെ കട്മത്ത് നയം ആദ്യമേ വ്യക്തമാക്കി.
21 മിനിറ്റിൽ ഫളലുൽ ആബിദ് പി.സിയിലൂടെ ലീഡയർത്തിയ കട്മത്തിനായി 36, 39 മിനിറ്റുകളിൽ വലകുലുക്കിയ റൈസാൽ സ്കോറിങ് പൂർത്തിയാക്കി. ഹാട്രിക്കോടെ ടൂർണമെന്റിൽ 5 ഗോളോടെ ടോപ്പ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാമത് എത്താനും റൈസാലിനായി. നിലവിൽ 5 ഗോളുകൾ ആണ് റൈസാൽ നേടിയത്. 2 കളികളിൽ നിന്നു 7 ഗോളുകളുമായി അമിനിയുടെ സഫിയുള്ള ആണ് ഈ പട്ടികയിൽ മുമ്പിലുള്ള താരം. ആദ്യപകുതിയിൽ കളത്തിലില്ലാതിരുന്ന കിൽത്താൻ ഭേദപ്പെട്ട പ്രകടനമാണ് രണ്ടാം പകുതിയിൽ നടത്തിയത്. രണ്ടാംപകുതിയിൽ 52, 55 മിനിറ്റുകളിൽ മുഹമ്മദ് ജലാലുദ്ദീൻ. ജെ.എമ്മിന്റെ ഗോളുകളിലൂടെ തോൽവി ഭാരം കുറക്കാനും അവർക്ക് സാധിച്ചു. കളിച്ച 3 മത്സരങ്ങളിൽ രണ്ടിലും ജയം കണ്ട കട്മത്തിന് ഗ്രൂപ്പിൽ സെമിഫൈനൽ സാധ്യത ഏറെയാണ്.
വലിയകര ഗ്രൂപ്പിലെ തന്നെ വൈകുന്നേരം നടന്ന രണ്ടാമത്തെ മത്സരത്തിൽ കരുത്തരായ ആന്ത്രോത്ത് എം.ജി.എസ്.എസ് സ്കൂളിനെ സമനിലയിൽ തളച്ചു ടൂർണമെന്റിൽ രണ്ടാം മത്സരത്തിനു ഇറങ്ങിയ ചെത്ത്ലത്ത് സ്കൂൾ. ആദ്യമത്സരത്തിൽ രാവിലെ അഗത്തിയോട് തോറ്റ ചെത്ത്ലത്ത് കളിമെച്ചെപ്പെടുത്തുന്നതാണ് വൈകുന്നേരം കണ്ടത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ആദ്യപകുതിയിൽ പിറകെ നിന്ന ശേഷമായിരുന്നു ആന്ത്രോത്തിന്റെ തിരിച്ചുവരവ്. 13 മിനിറ്റിൽ ജേഴ്സി നമ്പർ 7 സിയാബുൽ കെ.എമ്മിന്റെ ഗോളിൽ ആന്ത്രോത്തിനെ ഞെട്ടിച്ചു ചെത്ത്ലത്ത്. രാവിലെ അഗത്തിക്ക് എതിരെയും താരം ഗോൾ കണ്ടത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ 48 മിനിറ്റിൽ ബസരി. എൻ.പിയിലൂടെ ഗോൾ മടക്കിയ ആന്ത്രോത്ത് വിലപ്പെട്ട സമനില പിടിച്ചെടുത്തു. ഇതോടെ കളിച്ച മൂന്നിൽ രണ്ട് ജയവും ഒരു സമനിലയുമായി സെമിഫൈനലിന്റെ സമീപത്ത് എത്തി ആന്ത്രോത്ത്. എന്നാൽ ഇനിയും 2 കളികൾ അവശേഷിക്കുന്ന ചെത്ത്ലത്തിനെ സംബന്ധിച്ച് ടൂർണമെന്റിൽ ചെറിയസാധ്യത ഇനിയും ഉണ്ട്. വരാനിരിക്കുന്ന രണ്ട് ദിവസങ്ങൾ ഇരു ഗ്രൂപ്പിലെയും സെമിഫൈനൽ ചിത്രം വ്യക്തമാക്കും.
നാളെ രാവിലെ നടക്കുന്ന ആദ്യമത്സരത്തിൽ ചെറിയകര ഗ്രൂപ്പിലെ തുല്യശക്തികളായ കവരത്തിയും അമിനിയും പരസ്പരം ഏറ്റുമുട്ടും. ആദ്യമത്സരത്തിൽ മിനിക്കോയിയെ 6 ഗോളുകൾക്ക് തകർത്തു നാട്ടുകാർ കൂടിയായ കവരത്തി വരുമ്പോൾ കളിച്ച രണ്ട് കളികളിൽ നിന്നായി 12 ഗോളുകൾ അടിച്ച അമിനി ശക്തമായ വെല്ലുവിളിയാവും ഉയർത്തുക. പ്രത്യേകിച്ച് ടോപ്പ് സ്കോറർ സഫിയുള്ളയുടെ സാന്നിധ്യം അമിനിക്ക് വലിയകരുത്താകും. രാവിലത്തെ രണ്ടാം മത്സരത്തിൽ ഈ ഗ്രൂപ്പിൽ ആദ്യജയം തേടി കൽപ്പേനിയും മിനിക്കോയിയും നേർക്കുനേർ വരും. വൈകുന്നേരത്തെ മത്സരങ്ങളിൽ വലിയകര ഗ്രൂപ്പിൽ ചെത്ത്ലത്ത് കിൽത്താനെ നേരിടുമ്പോൾ ആന്ത്രോത്തിന്റെ എതിരാളികൾ അഗത്തിയാണ്. ഈ ഗ്രൂപ്പിൽ സെമിഫൈനൽ നിർണയിക്കാൻ ഈ മത്സരങ്ങൾ വളരെ നിർണായകമാണ്.