ഇന്ത്യൻ പരിശീലകനായി ഇഗോർ സ്റ്റിമാചിനെ നിയമിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. കോൺസ്റ്റന്റൈൻ രാജിവെച്ചതിനു ശേഷം അവസാന കുറച്ച് മാസങ്ങളായി പരിശീലകൻ ഇല്ലാതെ കഴിയുന്ന ഇന്ത്യൻ ഫുട്ബോളിനെയാണ് ഇനി സ്റ്റിമാച് നയിക്കുക. എ ഐ എഫ് എഫ് ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന നാലു പേരിൽ നിന്ന് ആണ് ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാചിനെ എ ഐ എഫ് എഫ് തിരഞ്ഞെടുത്തത്. രണ്ട് വർഷത്തെ കരാറിലാണ് സ്റ്റിമാച് കരാറ്റ് ഒപ്പിട്ടിരിക്കുന്നത്
മുമ്പ് ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് സ്റ്റിമാച്. 2012-13 കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. അവസാനമായി ഖത്തർ ക്ലബായ അൽ ഷഹാനിയയിൽ ആയിരുന്നു സ്റ്റിമാച് പ്രവർത്തിച്ചത്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.
ക്രൊയേഷ്യയുടെ ഇതിഹാസ ഫുട്ബോൾ താരം കൂടിയാണ് സ്റ്റിമാച്. 1998ൽ ക്രൊയേഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഇദ്ദേഹം ആ ടീമിനൊപ്പം കളിക്കാരനായി ഉണ്ടായിരുന്നു. ഡിഫൻഡറായിരുന്ന സ്റ്റിമാച് ക്രൊയേഷ്യക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാം, ഡെർബി കൗണ്ടി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.
ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പാകും ഇഗോർ സ്റ്റിമാചിന്റെ ആദ്യ ദൗത്യം.