അപ്രസക്തമായ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വിജയം, 17 വര്‍ഷത്തെ കരിയര്‍ കളിയിലെ താരമായി അവസാനിപ്പിച്ച് ശശികല

- Advertisement -

വനിത ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ അപ്രസക്തമായ മത്സരത്തില്‍ വിജയം കുറിച്ച് ശ്രീലങ്ക. ബംഗ്ലാദേശിനെതിരെയാണ് 9 വിക്കറ്റിന്റെ വിജയം ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 91/8 എന്ന നിലയില്‍ ഒതുക്കിയ ശേഷം ലക്ഷ്യം 1 വിക്കറ്റ് നഷ്ടത്തില്‍ 15.3 ഓവറില്‍ ലങ്ക മറികടക്കുകയായിരുന്നു.

ശശികല സിരിവര്‍ദ്ധനേ നാല് വിക്കറ്റുമായി കളം നിറഞ്ഞാടിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് നിര തകരുകയായിരുന്നു. 39 റണ്‍സ് നേടിയ നിഗാര്‍ സുല്‍ത്താനയാണ് ടീമിന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി അചിനി കുലസൂര്യ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ഹസിനി പെരേര പുറത്താകാതെ 39 റണ്‍സും ചാമരി അട്ടപ്പട്ടു 30 റണ്‍സും നേടിയപ്പോള്‍ അനുഷ്ക സഞ്ജീവിനി പുറത്താകാതെ 16 റണ്‍സ് നേടി ശ്രീലങ്കന്‍ വിജയം ഉറപ്പാക്കി. തന്റെ 17 വര്‍ഷത്തെ കരിയറിന് ശ്രീലങ്കന്‍ താരം ശശികല സിരിവര്‍ദ്ധനേ ഇന്നത്തെ മത്സരത്തില്‍ അവസാനിപ്പിച്ചു. കളിയിലെ താരമായി ശശികലയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കൂടിയാണ് സിരിവര്‍ദ്ധനേ ഇന്ന് 16 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നേടിയത്.

Advertisement