പത്ത് വിക്കറ്റ് വിജയം, 12 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ്, ധാക്കയിൽ ശ്രീലങ്കയുടെ ആധിപത്യം

Srilanka

2023 ഡബ്ല്യുടിസി പോയിന്റ് പട്ടികയിൽ പാക്കിസ്ഥാനെ പിന്തള്ളി ശ്രീലങ്ക. ഇന്ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ 10 വിക്കറ്റ് വിജയം നേടി സ്വന്തമാക്കിയ 12 പോയിന്റിന്റെ മികവിലാണ് ശ്രീലങ്കയുടെ ഈ നേട്ടം. ഇരു ഇന്നിംഗ്സുകളിലും ബംഗ്ലാദേശ് ടോപ് ഓര്‍ഡറിനെ ശ്രീലങ്ക തകര്‍ത്തെറിയുകയായിരുന്നു. ഒപ്പം ടീമിന്റെ ബാറ്റ്സ്മാന്മാരും മികവ് പുലര്‍ത്തിയപ്പോള്‍ ടീമിന് ആധികാരിക ജയം സ്വന്തമാക്കാനായി.

ബംഗ്ലാദേശിനെ ആദ്യ ഇന്നിംഗ്സിൽ 24/5 എന്ന നിലയിലേക്കും രണ്ടാം ഇന്നിംഗ്സിൽ 23/4 എന്ന നിലയിലേക്കും പ്രതിരോധത്തിലാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലിറ്റൺ ദാസും മുഷ്ഫിക്കുര്‍ റഹിമും ചേര്‍ന്ന് അവിടെ നിന്ന് ടീമിനെ 365 റൺസിലേക്ക് എത്തിച്ചപ്പോള്‍ 169 റൺസിൽ ടീമിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 29 റൺസായിരുന്നു ശ്രീലങ്കയുടെ വിജയ ലക്ഷ്യം.

ഒഷാഡ ഫെര്‍ണാണ്ടോ 9 പന്തിൽ 21 റൺസും ദിമുത് കരുണാരത്നേ 7 റൺസും നേടിയപ്പോള്‍ മൂന്നോവറിൽ മത്സരം അവസാനിച്ചു. ആദ്യ ഇന്നിംഗ്സിൽ ദിനേശ് ചന്ദിമൽ, ആഞ്ചലോ മാത്യൂസ് എന്നിവരുടെ ശതകങ്ങളും ഒഷാഡ, ദിമുത് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളും ആണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.