അവസാന മൂന്ന് മിനുട്ടിൽ രണ്ട് ഗോളുകൾ, ടോട്ടനത്തെ ഞെട്ടിച്ച് സ്പോർടിങ് ലിസ്ബൺ ജയം

Newsroom

20220914 000009
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലിസ്ബണിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ പോരാട്ടത്തിൽ അവസാന നിമിഷങ്ങളിൽ പിറന്ന ഇരട്ട ഗോളുകളുടെ ബലത്തിൽ സ്പോർടിങ് മൂന്ന് പോയിന്റ് സ്വന്തമാക്കി. സ്പർസിനെ നേരിട്ട പോർച്ചുഗീസ് ടീം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ആതിഥേയരുടെ മികവാണ് കണ്ടത്. അവരുടെ വേഗതയുള്ള ഫുട്ബോൾ പലപ്പോഴും സ്പർസിന് തലവേദന ആയി. ആദ്യ പകുതിയുടെ അവസാനം സ്പോർടിങ് താരം മാർക്കസ് എഡ്വാർഡിന്റെ ഒരു അത്ഭുത റൺ ഏവരെയും ഞെട്ടിച്ചു.

20220914 000009

ആദ്യ പകുതിയുടെ അവസാനം മാർകസ് എഡ്വാർഡ് മൈതാന മധ്യത്ത് നിന്ന് പന്ത് കൈക്കലാക്കി ഒരു കുതിപ്പായിരുന്നു. മറഡോണയുടെ പ്രശസ്തമായ റണ്ണിനെ ഓർമ്മിപ്പിക്കുന്ന ഒരു റൺ‌. സ്പർസിന്റെ ഒരു താരത്തിനും എഡ്വാർഡിനെ തടയാൻ ആയില്ല. അവസാനം ഗോളിലേക്ക് താരം തൊടുത്ത ഷോട്ട് ലോരിസ് തടഞ്ഞത് കൊണ്ട് നഷ്ടമായത് ചാമ്പ്യൻസ് ലീഗിലെ തന്നെ മികച്ച ഗോളുകളിൽ ഒന്നായിരുന്നു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷൻ രണ്ടാം പകുതിയിൽ സ്പർസ് മെച്ചപ്പെട്ട കളി കാഴ്ചവെച്ചു. കുളുസവേസ്കി സബ്ബായി എത്തിയത് സ്പർസ് അറ്റാക്കിന് ശക്തി നൽകി. എന്നാൽ സ്പർസിന്റെ നല്ല നീക്കങ്ങൾ എവിടെയും എത്തിയില്ല.

മത്സരത്തിന്റെ അവസാനം 89ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് പൗളീനോയുടെ ഹെഡർ സ്പോർടിങിന് ലീഡ് നൽകി. പിന്നാലെ സബ്ബായി എത്തിയ ആർതർ ഗോമസിലൂടെ 93ആം മിനുട്ടിൽ സ്പോർടിങിന്റെ രണ്ടാം ഗോളും. സ്പർസ് ഞെട്ടി ഗ്രൗണ്ടിൽ ഇരുന്നു. സ്പോർടിങ് മൂന്ന് പോയിന്റും സ്വന്തമാക്കി കളം വിട്ടു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി സ്പോർടിങ് ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നു.