എന്തൊരു ത്രില്ലർ!! എക്സ്ട്രാ ടൈമിലെ മികവിൽ സ്പെയിൻ യൂറോ ക്വാർട്ടറിൽ!! പൊരുതി വീണ ക്രൊയേഷ്യ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാലാം യൂറോ കിരീടം തേടുന്ന സ്പെയിൻ യൂറോ കപ്പിന്റെ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് ഡെന്മാർക്കിന്റെ തലസ്ഥാനത്ത് നടന്ന ആവേശകരമായ മത്സരത്തിൽ ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ക്വാർട്ടറിൽ എത്തിയത്. എട്ടു ഗോളുകൾ പിറന്ന ത്രില്ലറിന് ഒടുവിലായിരുന്നു ലൂയി എൻറികെയുടെ ടീമിന്റെ വിജയം. ഈ ടൂർണമെന്റിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരം 5-3 എന്ന സ്കോറിലാണ് അവസാനിച്ചത്.

ഇന്ന് കോപൻഹേഗനിൽ സ്പെയിനിന്റെ അറ്റാക്കുകളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മികച്ച അവസരങ്ങൾ ഒക്കെ ലഭിച്ചതും സ്പെയിനായിരുന്നു. 13ആം മിനുട്ടിൽ ബുസ്കെറ്റ്സ് തുടങ്ങിവെച്ച അറ്റാക്ക് മൊറാടയിൽ നിന്ന് സരാബിയയിലേക്ക് എത്തി എങ്കിലും ലക്ഷ്യം കണ്ടെത്താൻ ആയില്ല. പിന്നാലെ 16ആം മിനുട്ടിൽ പെഡ്രിയുടെ ഒരു ത്രൂ പാസ് കൊകെയെ കണ്ടെത്തി. ഗോളെന്ന് ഉറച്ച സാഹചര്യം, പക്ഷെ കൊകെയുടെ ഷോട്ട് ഗോൾ കീപ്പർ ലിവകൊവിച് കാലു കൊണ്ട് തടഞ്ഞു.

കളിയിൽ സ്പെയിനിന്റെ അറ്റാക്ക് തുടരുന്നതിനിടയിൽ ഇരുപതാം മിനുട്ടിൽ സ്പാനിഷ് കീപ്പർ ഉനായ് സിമൺ ക്രൊയേഷ്യക്ക് ഒരു ഗോൾ സമ്മാനിച്ചു. അനായാസം നിയന്ത്രിക്കാമായിരുന്ന പെഡ്രിയിടെ ഒരു ബാക്ക് പാസ് സിമണ് കാലിൽ ഒതുക്കാനായില്ല. സിമന്റെ കാലിൽ തട്ടി പന്ത് വലയിൽ പതിച്ചു. ക്രൊയേഷ്യ കളിയുടെ ഗതിക്ക് വിപരീതമായി ഒരു ഗോളിന് മുന്നിൽ.

ഈ ഗോൾ ക്രൊയേഷ്യക്ക് ആത്മവിശ്വാസം നൽകി. പിന്നാലെ മോഡ്രിചിന്റെ ഒരു പാസിൽ നിന്ന് വ്ലാസിചിനും, വ്ലാസിചിന്റെ ഒരു പാസിൽ നിന്ന് കൊവാചിചിനും അവസരം ലഭിച്ചു. പക്ഷെ രണ്ടു ഷോട്ടുകളും ടാർഗറ്റിലേക്ക് പോയില്ല. ഒന്ന് പതറി എങ്കിലും പതിയെ കളിയുടെ നിയന്ത്രണം സ്പെയിൻ വീണ്ടും കൈക്കലാക്കി. 38ആം മിനുട്ടിൽ സ്പെയിൻ സമനില കണ്ടെത്തി. ജോസെ ഗയയുടെ ഒരു ഷോട്ട് ലിവാകൊവിച് തടഞ്ഞു എങ്കിലും പന്ത് അവസാനം ബോക്സിൽ ഉണ്ടായിരുന്ന സരാബിയുടെ കാലിൽ എത്തി. സരാബിയുടെ ഷോട്ട് തടയാൻ ആർക്കുമായില്ല. സരാബിയയുടെ ടൂർണമെന്റിലെ രണ്ടാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന സ്പെയിൻ 56ആം മിനുട്ടിൽ ലീഡും എടുത്തു. ഇടതു വിങ്ങിൽ നിന്ന് ഫെറാൻ ടോറസ് നൽകിയ ക്രോസ് ആസ്പിലികെറ്റ ഹെഡ് ചെയ്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഫുൾബാക്കായ ആസ്പിലികെറ്റ ബോക്സിൽ ഒരു അറ്റാക്കിംഗ് ക്രോസ് കാത്തു നിന്നത് സ്പെയിനിന്റെ അറ്റാക്കിംഗ് മനോഭാവവും വ്യക്തമാക്കി.

66ആം മിനുട്ടിൽ തിരിച്ചടിക്കാൻ ക്രൊയേഷ്യ ഒരു ശ്രമം നടത്തി. ഗ്വാർഡൊയോളിന്റെ പെനാൾട്ടി ബോക്സിൽ നിന്നുള്ള ഷോട്ട് നിയർ പോസ്റ്റിൽ ഉനായ് സിമൊൺ സമർത്ഥമായി സേവ് ചെയ്തു.‌ സമനിലക്കായി ക്രൊയേഷ്യ ശ്രമിക്കുന്നതിന് ഇടയിൽ 77ആം മിനുട്ടിൽ സ്പെയിൻ മൂന്നാം ഗോൾ നേടി വിജയം ഉറപ്പിച്ചു.

പോ ടോറസ് എടുത്ത ഒരു ഫ്രീകിക്ക് ഒരുപാട് സമയവും സ്ഥലവുമായി നിൽക്കുന്ന ഫെറാൻ ടോറസിനെ കണ്ടെത്തി. നിമിഷങ്ങൾക്കകം ക്രൊയേഷ്യൻ ബോക്സിലേക്ക് കുതിച്ച മാഞ്ചസ്റ്റർ സിറ്റി താരം ഫെറാൻ ഡിഫൻഡർ കലെറ്റകാറിനെ മറികടന്ന് ഗോൾ വലയ്ക്ക് ഉള്ളിലേക്ക് നിറയൊഴിച്ചു. ഈ ഗോളിലും ക്രൊയേഷ്യൻ പോരാട്ടം അവസാനിച്ചില്ല.

85ആം മിനുട്ടിൽ ക്രൊയേഷ്യ ഒരു ഗോൾ മടക്കി കളിയെ ആവേശകരമായ അന്ത്യത്തിലേക്ക് നയിച്ചു. ക്രൊയേഷ്യൻ അറ്റാക്ക് രണ്ടു തവണ സ്പെയിൻ ഡിഫൻസ് ഗോൾ ലൈനിൽ നിന്ന് ക്ലിയർ ചെയ്തു. രക്ഷെപ്പെട്ടു എന്നു സ്പെയിൻ കരുതി എങ്കിലും രണ്ടാമത്തെ ക്ലിയറൻസ് നടക്കും മുമ്പ് പന്ത് ഗോൾ ലൈൻ കഴിഞ്ഞിരുന്നു. സബ്ബായി എത്തിയ ഓർസിചായിരുന്നു ക്രൊയേഷ്യയുടെ രണ്ടാം ഗോൾ നേടിയത്.

സമനില ഗോളിനായി ക്രൊയേഷ്യ അവസാന നിമിഷങ്ങളിൽ ആഞ്ഞു ശ്രമിച്ചു. അത് ഇഞ്ച്വറി ടൈമിൽ ഫലവും കണ്ടു. 92ആം മിനുട്ടിൽ രണ്ട് സബ്സ്റ്റുട്യൂറ്റ്സ് ഒരുമിച്ച് കളി 3-3 എന്നാക്കി. ഇടതു വിങ്ങിൽ നിന്ന് ഓർസിച് നൽകിയ മനോഹർ ക്രോസ് പസാലിചിന്റെ ഹെഡറിൽ വലയിൽ എത്തുക ആയിരുന്നു. സ്പെയിൻ ക്വാർട്ടർ ഉറപ്പിച്ചു എന്ന് കരുതിയ നിമിഷത്തിലായിരുന്നു ഈ സമനില ഗോൾ. ഈ ഗോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു.

84 മിനുട്ട് വരെ 3-1ന് മുന്നിട്ട് നിന്ന ശേഷമാണ് സ്പെയിൻ പതറിയത്. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി നന്നായി തുടങ്ങിയത് ക്രൊയേഷ്യ ആയിരുന്നു. 92ആം മിനുട്ടിൽ ലീഡ് എടുക്കാൻ ഒർസിചിന് ഒരു നല്ല അവസരം കിട്ടി. പക്ഷെ ഷോട്ട് ഗോൾ ബാറിന് തൊട്ടു മുകളിലൂടെ പുറത്തേക്ക് പോയി. 95ആം മിനുട്ടിൽ വീണ്ടും ക്രൊയേഷ്യൻ അറ്റാക്ക് എത്തി. പസാലിച് ഇടത് വിങ്ങിലൂടെ കയറി വന്ന് നൽകിയ ബോൾ ക്രാമറിചിന്റെ കാലിൽ എത്തി. ഗോളെന്ന് ഉറച്ച ക്രാമറിചിന്റെ ഷോട്ട് ലോകോത്തര സേവിലൂടെ ഉനായ് സിമൺ തട്ടിയകറ്റി. ഈ സേവ് കളിയിൽ ഏറെ നിർണായകമായി.

മറുവശത്ത് സ്പെയിനും അറ്റാക്കുകൾ നടത്തി. 100ആം മിനുട്ടിൽ മൊറാട്ടയിലൂടെ സ്പെയിൻ ലീഡ് തിരികെയെടുത്തു. ഡാനി ഒൽമൊയുടെ ക്രോസ് സ്വീകരിച്ച് വിമർശകരുടെ ഒക്കെ വായടപ്പിക്കുന്ന ക്ലാസ് സ്ട്രൈക്കിലൂടെ ആണ് മൊറാട്ട സ്പെയിനെ മുന്നിൽ എത്തിച്ചത്. സ്കോർ 4-3.

ഇതിനു പിന്നാലെ 103ആം മിനുട്ടിൽ സ്പെയിൻ അവരുടെ അഞ്ചാം ഗോളും നേടി. വീണ്ടും ഡാനി ഓൽമെയുടെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. ഓമയുടെ പാസ് സ്വീകരിച്ച ഒയർസബാൽ കൃതയതോടെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 5-3. ഒരിക്കൽ കൂടെ തിരിച്ചുവരാനുള്ള ഊർജ്ജം ക്രൊയേഷ്യൻ നിരയ്ക്ക് ഉണ്ടായിരുന്നില്ല.

എങ്കിലും അവർ പൊരുതി. 106ആം മിനുട്ടിൽ വുദിമറിന്റെ സ്ട്രൈക്ക് സ്പാനിഷ് പോസ്റ്റിൽ ഉരസിയാണ് പുറത്തേക്ക് പോയത്. 6ആം ഗോൾ നേടാൻ സ്പെയിന് അവസരങ്ങൾ ലഭിച്ചു എങ്കിലും അവർ മുതലെടുത്തില്ല. 120ആം മിനുട്ടിൽ ഡാനി ഒൽമയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്. വിജയിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ സ്പെയിൻ ഇനി ഫ്രാൻസിനെയോ സ്വിറ്റ്സർലാന്റിനെയോ ആകും നേരിടേണ്ടി വരിക.