വിംബിൾഡൺ ആദ്യ റൗണ്ടിൽ വമ്പൻ അട്ടിമറി, മൂന്നാം സീഡ് സിറ്റിപാസ് പുറത്ത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വിംബിൾഡൺ ആദ്യ റൗണ്ടിൽ വമ്പൻ അട്ടിമറിയും ആയി സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിയഫോ. സീസണിൽ മികച്ച ഫോമിലുള്ള ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റ് കൂടിയായ മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ടിയഫോ അട്ടിമറിച്ചത്. മുമ്പും മികച്ച പോരാട്ടങ്ങൾ കണ്ട ഇരു താരങ്ങളും തമ്മിൽ വലിയ പോരാട്ടം ആണ് ആരാധകർ പ്രതീക്ഷിച്ചത്. അതിനുള്ള സൂചനകൾ മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ചു. എന്നാൽ സിറ്റിപാസിന്റെ ആദ്യ സർവീസിൽ ബ്രൈക്ക് കണ്ടത്തിയ ടിയഫോ പിന്നീട് സർവീസ് നിലനിർത്തി സെറ്റ് 6-4 നു നേടി മത്സരത്തിൽ മുൻതൂക്കം നേടി. രണ്ടാം സെറ്റിലും ആദ്യം ബ്രൈക്ക് കണ്ടത്താൻ അമേരിക്കൻ താരത്തിന് ആയി.

എന്നാൽ പൊരുതി നോക്കിയ സിറ്റിപാസ് ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു എങ്കിലും രക്ഷപ്പെടുത്തിയ ടിയഫോ രണ്ടാം സെറ്റ് 6-4 നു നേടി അട്ടിമറിക്കുള്ള സൂചന നൽകി. അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്യാനുള്ള അവസരം ഇത്തവണയും മുതലെടുക്കാൻ സിറ്റിപാസിന് സാധിക്കാതിരുന്നപ്പോൾ 2 പ്രാവശ്യം മൂന്നാം സെറ്റിൽ ബ്രൈക്ക് നേടിയ ടിയഫോ സെറ്റ് 6-3 നു നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 15 ഏസുകൾ നേടിയ സിറ്റിപാസിനെതിരെ 8 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച ടിയഫോ അതിൽ നാലും മുതലാക്കി. അതേസമയം നേടിയ 7 ബ്രൈക്ക് പോയിന്റുകളിൽ ഒന്ന് പോലും മുതലാക്കാൻ ഗ്രീക്ക് താരത്തിന് ആയില്ല. കരിയറിലെ തന്നെ ഏറ്റവും വലിയ ജയം നേടിയ ടിയഫോ അർഹിച്ചത് ആണ് ഈ ജയം. അതേസമയം വലിയ നിരാശ തന്നെയാണ് ഗ്രീക്ക് യുവതാരത്തിന് ഈ പരാജയം നൽകുക.