ഇംഗ്ലണ്ടിന് എതിരായ അവസാന ടി20യിൽ ഇന്ത്യക്ക് പരാജയം. സൂര്യകുമാറിന്റെ മാസ്കരിക ഇന്നിങ്സ് ഇന്ത്യക്ക് പ്രതീക്ഷ നൽകി എങ്കിലും 17 റൺസിന്റെ പരാജയം ഇന്ത്യ ഏറ്റുവാങ്ങി. 198-9 എന്ന നിലയിലാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചത്.
216 എന്ന വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം ആയിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റൺസുമായി പന്ത് കളം വിട്ടു. പിറകെ 11 റൺസ് വീതം എടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും കളം വിട്ടു. കളി കളികൾ ഇന്ത്യ കൈവിടുകയാണ് എന്ന് തോന്നിയപ്പോൾ സൂര്യകുമാർ യാദവ് രക്ഷകനായി. ഒരു വശത്ത് ശ്രേയസ് അയ്യറിനെ കാഴ്ചക്കാരനാക്കി സ്കൈ വെടിക്കെട്ട് തന്നെ നടത്തി.
സിക്സും ഫോറും സ്കൈയുടെ ബായിൽ നിന്ന് ഒഴുകി. ശ്രേയസും ഒത്ത് 119 റൺസിന്റെ നാലാം വിക്ക്റ്റ് പാട്ണർഷിപ്പ്. ഇതിൽ ഭൂരിഭാഗം റൺസും സൂര്യകുമാറിന്റെ ബാറ്റിൽ നിന്നായിരുന്നു. ശ്രേയസ് 23 പന്തിൽ നിന്ന് 28 റൺസുമായി കളം വിട്ടു.
സൂര്യകുമാർ 48 പന്തിൽ നിന്ന് സെഞ്ച്വറി തികച്ചു. ഇന്ത്യക്കായി ടി20യിൽ സെഞ്ച്വറി നേടുന്ന അഞ്ചാം താരമായി. 12 ഫോറും അഞ്ച് സിക്സും ആ നൂറ് റണ്ണിൽ ഉണ്ടായിരുന്നു. കളി അവസാനത്തിലേക്ക് പോകുന്നതിനിടയിൽ 6 റൺസെടുത്ത ദിനേഷ് കാർത്തികിനെയും 7 റൺസ് എടുത്ത ജഡേജയയെയും ഇന്ത്യക്ക് നഷ്ടമായി.
ആര് പോയിട്ടും സൂര്യകുമാർ അറ്റാക്ക് തുടർന്നു. അവസാന രണ്ട് ഓവറിൽ 41 റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. മൊയീൻ അലിയുടെ 19ആം ഓവറിൽ ആദ്യ നാലു പന്തിൽ 16 റൺസ് അടിച്ച ശേഷം സൂര്യകുമാർ ഔട്ട് ആയി. 55 പന്തിൽ 117 റൺസ് എടുത്താണ് സൂര്യകുമാർ പോരാട്ടം അവസാനിപ്പിച്ചത്.
അവസാന ഓവറിൽ 21 റൺസ് വേണമായിരുന്നു ഇന്ത്യക്ക് ജയിക്കാൻ. ഇന്ത്യൻ വാലറ്റത്തിന് ആ ലക്ഷ്യത്തിനോട് അടുത്ത് എത്താൻ ആയില്ല. തോറ്റു എങ്കിലും പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.