വിംബിൾഡൺ അവസാന ദിവസത്തിൽ എല്ലാം പതിവ് പോലെ

Img 20220710 235041

2022ലെ വിംബിൾഡൺ കൊടിയിറങ്ങി. ലണ്ടനിൽ നിന്നും അവസാനത്തെ ഡിസ്‌പാച്ച് അയക്കുന്ന ജേർണലിസ്റ്റുകൾ എഴുതിക്കാണും, “കളി കഴിഞ്ഞു, പതിവ് പോലെ ജോക്കോവിച്ച് തന്നെ ചാമ്പ്യൻ, വേറെ വിശേഷമൊന്നുമില്ല”.

തുടർച്ചയായ നാലാം വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ട്രോഫി, ഏഴാം തവണ വിംബിൾഡൺ ചാമ്പ്യൻ, ഇരുപത്തിയൊന്നാം ഗ്രാൻസ്ലാം ചാമ്പ്യൻഷിപ്പ്, സെർബിയയിലെ ഒരു വിജനമായ മലഞ്ചെരുവിൽ കളിച്ചു വളർന്ന ആ ബാലൻ ഇത്രയൊന്നും സ്വപ്നം കണ്ടിട്ടുണ്ടാവില്ല. കളിച്ച മൂന്നിൽ രണ്ട് ഗ്രാൻഡ്സ്ലാമുകളിൽ ട്രോഫി നേടിക്കൊണ്ട് ജോക്കോവിച്ചു വീണ്ടും വിളിച്ചു പറഞ്ഞു, നദാലിനും ഫെഡറർക്കും കൊടുക്കുന്ന ബഹുമാനം താനും അർഹിക്കുന്നു എന്നു.

ഇത്തവണ ജോക്കോവിച്ചിനു കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ക്വാർട്ടറിൽ രണ്ട് സെറ്റ് തോറ്റ് നിന്നിടത്തു നിന്നാണ് ജയിച്ചു വന്നത്. സെമിയിൽ ഒരു സെറ്റ് കളഞ്ഞാണ്‌ തുടങ്ങിയത്. ഫൈനലിലും ആദ്യ സെറ്റ് കൈവിട്ടാണ് തുടങ്ങിയത്. പക്ഷെ ഫൈനലിൽ അപാര ഫോമിലുള്ള കിരിയോസ് തുടർന്നുള്ള സെറ്റുകൾ നേടുമെന്ന് തോന്നിച്ചെങ്കിലും ജോക്കോ അടുത്ത രണ്ടു സെറ്റുകളിൽ തിരിച്ചടിച്ചു. നാലാം സെറ്റിൽ കിരിയോസ് മുന്നിട്ടു നിന്നിടത്തു നിന്നും ജോക്കോവിച്ചു ടൈ ബ്രെക്കറിൽ ട്രോഫി ഉറപ്പിച്ചു.
20220710 234859
കിരിയോസിന് അഭിമാനിക്കാം, തന്റെ ആദ്യ ഗ്രാൻസ്ലാം ഫൈനൽ പ്രകടനം മോശമാക്കിയില്ല. കടുത്ത മത്സരം തന്നെയാണ് നൂറിന്റെ നിറവിൽ നിൽക്കുന്ന സെന്റർ കോർട്ടിൽ നടന്നത്. പക്ഷെ പുതുതലമുറ കളിക്കാർ ചെയ്യുന്ന ഒരു ടാക്ടിക്കൽ മിസ്റ്റേക് കിരിയോസ് ആവർത്തിച്ചു. പവർ ഗെയിം നല്ലത് തന്നെ, പക്ഷെ ജോക്കോവിച്ചിനെ പോലുള്ള കളിക്കാരെ പവർ ഗെയിം കൊണ്ടു ഒരു സെറ്റ് തോൽപ്പിക്കാൻ സാധിച്ചേക്കും, എന്നാൽ കളി നാലോ അഞ്ചോ സെറ്റിലേക്ക് കയറിയാൽ സ്റ്റാമിനയും, ടെക്നിക്കും, മെന്റൽ ടഫ്‌നസ്സും ഒരു മുഴം മുന്നിൽ നിൽക്കും. അതു കൊണ്ടാണ് ജോക്കോവിച്ചിനെക്കാൾ രണ്ടിരട്ടി ഏസുകൾ വർഷിച്ചിട്ടും കിറിയോസിന് കളി കൈവിട്ടു പോയത്.

സാരമില്ല, നിക്ക് വരവറിയിക്കാൻ 10 വർഷം എടുത്തെങ്കിലും, ഇനിയുള്ള കുറേക്കാലം നിക്ക് ഗ്രാൻഡ്സ്ലാം ഫൈനലുകൾ അടക്കി വാഴും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തൊരു കളിക്കാരനാണ് നിക്ക്, 17000 കാണികളെ നിശ്ശബ്ദരാക്കാനും ആനന്ദത്തിൽ ആറാടിക്കാനും അത്ഭുതപ്പെടുത്താനും ഒരേപോലെ കഴിയുന്ന മനുഷ്യൻ!

ജോക്കോ നിങ്ങൾ ഇനിയും കപ്പുകൾ നേടും, ഗ്രാൻഡ്സ്ലാം ട്രോഫികൾ ഇനിയും നിങ്ങൾ ആ മലഞ്ചെരുവിലേക്ക് കൊണ്ടു പോകും, ടെന്നീസ് ലോകത്ത് നിങ്ങൾ ഇനിയും പറന്ന് നടക്കും. ഞങ്ങൾ കാണികൾ കാത്തിരിക്കുന്നു.