വനിത ബാഡ്മിന്റണിൽ ഇന്ത്യയുടെ പിവി സിന്ധുവിന് പരാജയം. റിയോയിൽ വെള്ളിയും ടോക്കിയോയിൽ വെങ്കലവും നേടിയ ഇന്ത്യന്‍ താരം ഇന്ന് റൗണ്ട് ഓഫ് 16 മത്സരത്തിൽ ചൈനയുടെ ഹി ബിംഗ് ജിയാവോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പരാജയം. സ്കോര്‍: 19-21, 14-21.
ചൈനയുടെ ഹി ബിംഗ് ജിയോവിനെതിരെ ആയിരുന്നു സിന്ധുവിന്റെ മത്സരം. മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സിന്ധു 3-8 എന്ന സ്കോറിന് ഏറെ പിന്നിൽ പോകുകയായിരുന്നു. അവിടെ നിന്ന് താരം ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ സ്കോര്‍ 13-13 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായി.
ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പോരാടിയപ്പോള്‍ ആദ്യ ഗെയിം 19-21ന് സിന്ധുവിന് നഷ്ടമായി. രണ്ടാം ഗെയിമിൽ 2-8ന് പിന്നിൽ പോയ സിന്ധു തിരിച്ചുവരവിന് ശ്രമിച്ചുവെങ്കിലും ഇടവേള സമയത്ത് 11-5ന് ചൈനീസ് താരമായിരുന്നു മുന്നിൽ.