ഇറ്റാലിയൻ ഫുട്‌ബോളിൽ ഇപ്പോൾ മുഴുവൻ ചർച്ചയും 2 സഹോദരങ്ങളെ കുറിച്ച് ആണ്. സീരി എയിൽ ലാസിയോയെ 20 വർഷങ്ങൾക്ക് ശേഷം കിരീടം എന്ന സ്വപ്നത്തിലേക്ക് അടിപ്പിക്കുന്ന സിമിയോണെ ഇൻസാഗിയും ബെനെവെറ്റോയെ ഒന്നാം ഡിവിഷനിലേക്ക് കൊണ്ട് വരാൻ ഒരുങ്ങുന്ന ഫിലിപ്പോ ഇൻസാഗിയും ആണ് ആ സഹോദരങ്ങൾ. നിലവിൽ സീരി എയിൽ അനിയൻ ഇൻസാഗിയുടെ ലാസിയോ ഒന്നാമത് ആണെങ്കിൽ സീരി ബി യിൽ ചേട്ടൻ ഇൻസാഗിയുടെ ബെനെവെറ്റോ ആണ് ഒന്നാമത്. മുൻ ഇറ്റാലിയൻ താരങ്ങൾ ആയ ഇരുവരും പരിശീലന മികവിൽ നിലവിൽ അനിയൻ ആണ് ഒന്നാമത് എങ്കിൽ കളി മികവിൽ 46 കാരൻ ആയ ചേട്ടൻ തന്നെയായിരുന്നു കേമൻ.
ഇറ്റാലിയൻ ഫുട്‌ബോളിലെ ഏറ്റവും മഹാനായ മുന്നേറ്റനിരക്കാരിൽ ഒരാൾ ആയ ഫിലിപ്പോ ഇൻസാഗി കളിക്കാരൻ ആയി കളത്തിൽ ഏതാണ്ട് എല്ലാ കിരീടങ്ങളും നേടിയ ഒരു താരം ആണ്. യുവന്റസ്, മിലാൻ ടീമുകൾക്ക് ആയി കളിച്ച 3 തവണ സീരി എ, 2 തവണ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ ഫിലിപ്പോ ഇൻസാഗി ഇറ്റലിക്ക് ആയി 57 മത്സരങ്ങളിലും കളിച്ചു. 2006 ലെ ലോകകപ്പ് നേടിയ ടീമിലെ സാന്നിധ്യം കൂടിയായിരുന്നു അദ്ദേഹം. നിലവിൽ സീരി എ ഗോൾ നേട്ടക്കാരിൽ ഏഴാമതും ചാമ്പ്യൻസ് ലീഗ് ഗോൾ വേട്ടക്കാരിൽ നാലാം സ്ഥാനത്തും അദേഹം തന്നെയാണ്. ഇന്നും സീരി എയിൽ 10 ഹാട്രിക്കുകൾ നേടിയ ഫിലിപ്പോ ഇൻസാഗിയുടെ റെക്കോർഡ് ആരും മറികടന്നിട്ടില്ല.
എന്നാൽ കളിക്കളത്തിൽ ചേട്ടന്റെ നിഴലിൽ ആയിരുന്നു 43 കാരൻ ആയ സിമിയോണെ ഇൻസാഗി. മുന്നേറ്റനിരയിൽ തന്നെ കളിച്ച താരം 3 തവണയാണ് ഇറ്റലിക്കായി ബൂട്ട് കെട്ടിയത്. എന്നാൽ കരിയറിൽ 10 വർഷത്തിൽ അധികം ലാസിയോ ക്ലബിൽ തുടർന്ന അദ്ദേഹം അവർക്ക് ആയി ലീഗ് കപ്പ് ഡബിൾ നേടിയ ടീമിലും അംഗം ആയിരുന്നു. എന്നാൽ കൂടുതൽ സമയവും പകരക്കാരനായും മറ്റ് ക്ലബുകളിൽ വായ്‌പ അടിസ്ഥാനത്തിൽ കളിക്കാനും ആയിരുന്നു അദ്ദേഹത്തിന്റെ വിധി. എന്നാൽ നിലവിൽ കളിക്കാരൻ എന്ന നിലയിൽ ഇതിഹാസം ആയ ചേട്ടനെ പരിശീലനമികവ് കൊണ്ട് നിഴലിൽ ആക്കുക ആണ് അനിയൻ.
കളിക്കളത്തിലെ കരിയറിൽ എന്ന പോലെ 2010 മുതൽ ലാസിയോ യുവ ടീമിനെ പരിശീലിപ്പിച്ച് പരിശീലനം തുടങ്ങിയ സിമിയോണെ ഇൻസാഗി 2016 ൽ പകരക്കാരനായി ആണ് ടീമിന്റെ പരിശീലകൻ ആവുന്നത്. എന്നാൽ തുടർന്ന് സാക്ഷാൽ മാർസെലോ ബിൽസ ടീമിന്റെ പരിശീലകൻ ആയപ്പോൾ അദ്ദേഹം ഈ സ്ഥാനം ഒഴിഞ്ഞു. എന്നാൽ വെറും ഒരാഴ്ച കൊണ്ട് അർജന്റീനൻ പരിശീലകൻ സ്ഥാനം ഒഴിഞ്ഞപ്പോൾ ആ സ്ഥാനം വീണ്ടും ഇൻസാഗിയുടെ ചുമലിൽ ആയി. ഇൻസാഗിയുടെ കീഴിൽ ആരാധകർ ഒന്നും വലിയ പ്രതീക്ഷയിൽ ആയിരുന്നില്ല.
എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ലാസിയോയെ റോമിലെ, ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബ് ആക്കി വളർത്തി ആണ് അദ്ദേഹം അവരെ ഞെട്ടിച്ചത്. ഇമ്മോബൈലിന്റെ നേതൃത്വത്തിൽ ആ വർഷം തന്നെ ലാസിയോയെ അഞ്ചാമത് എത്തിച്ച അദ്ദേഹം അവരെ ഇറ്റാലിയൻ കപ്പ് ഫൈനലിലും എത്തിച്ചു. 2017-18 സീസണിൽ യുവന്റസിനെ തോൽപ്പിച്ചു സൂപ്പർ കോപ്പ ഇറ്റാലിയ നേടിയ അദ്ദേഹം കഴിഞ്ഞ വർഷം ഇറ്റാലിയൻ കപ്പും ലാസിയോയിൽ എത്തിച്ചു. ഈ സീസണിൽ ഒരിക്കൽ കൂടി സൂപ്പർ കോപ്പ ഇറ്റാലിയ കിരീടവും അദ്ദേഹം ലാസിയോക്ക് നേടി കൊടുത്തു. ഇത്തവണ നീണ്ട 20 വർഷങ്ങളുടെ ലാസിയോ ആരാധകരുടെ കാത്തിരിപ്പിനു പ്രതീക്ഷ നൽകിയാണ് ഇൻസാഗിയുടെ ടീം ലീഗിൽ യുവന്റസ്, ഇന്റർ മിലാൻ ടീമുകൾക്ക് മുകളിൽ ഒന്നാമത് നിൽക്കുന്നത്.
അതേസമയം പരിശീലകൻ ആയി അത്ര മികവ് അല്ല ഫിലിപ്പോ ഇൻസാഗി എന്ന ചേട്ടൻ ഇൻസാഗി പുലർത്തിയത്. മിലാൻ ഇതിഹാസം ആയ താരം അവരുടെ യുവ ടീമിന്റെ പരിശീലകൻ ആയി തന്നെയാണ് പരിശീലന രംഗത്തും വന്നത്. 2014 ലിൽ അവരുടെ സീനിയർ ടീമിന്റെ പരിശീലകൻ ആയും അദ്ദേഹം മാറി. എന്നാൽ മോശം പ്രകടനങ്ങൾ വെറും ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തിന്റെ ജോലി തെറിപ്പിക്കുന്നത് ആണ് പിന്നീട് കണ്ടത്. തുടർന്ന് മൂന്നാം ഡിവിഷൻ ക്ലബ് വെനേഷ പരിശീലകൻ ആയ അദ്ദേഹം അവരെ ചാമ്പ്യന്മാർ ആയി സീരി ബിയിൽ എത്തിച്ചു. തുടർന്ന് 2018 ൽ സീരി എയിലേക്ക് ബൊളോഗ്നയിലൂടെ അദ്ദേഹം തിരിച്ചു വന്നു. ആ സീസണിൽ അനിയന്റെ ലാസിയോയും ആയി മുഖാമുഖം വന്ന ഫിലിപ്പോ ഇൻസാഗിക്ക് 2-0 ത്തിനു പരാജയം സമ്മതിക്കേണ്ടിയും വന്നിരുന്നു.
എന്നാൽ സീസണിൽ 21 മത്സരങ്ങളിൽ വെറും 2 ജയം സ്വന്തമാക്കിയ ഫിലിപ്പോയെ ക്ലബ് 2019 ജനുവരിയിൽ പുറത്താക്കുന്നത് ആണ് പിന്നീട് കണ്ടത്. അതിനു ശേഷം ആണ് സീരി ബി ക്ലബ് ആയ ബെനെവെറ്റോ പരിശീലകൻ ആയി അദ്ദേഹം നിയമിതനായത്. നിലവിൽ ക്ലബിനെ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോയ ഫിലിപ്പോ ഇൻസാഗി സീരി ബിയിൽ അവരെ ഒന്നാമത് എത്തിച്ചിരിക്കുക ആണ്. അതും നിലവിൽ 12 പോയിന്റുകൾ മുകളിൽ ആണ് സീരി ബിയിൽ ഇൻസാഗിയുടെ ടീം. അടുത്ത വർഷം സീരി ബിയിലെ റെക്കോർഡുകൾ തകർത്തു സീരി എയിൽ ക്ലബിനെ എത്തിക്കാൻ ചേട്ടൻ ഇൻസാഗിക്ക് ആവും എന്നാണ് പ്രതീക്ഷകൾ. അങ്ങനെ വന്നാൽ വീണ്ടും ചേട്ടനും അനുജനും നേർക്കുനേർ വരുന്ന വലിയ പോരാട്ടങ്ങൾക്ക് ആവും ഇറ്റാലിയൻ ഫുട്‌ബോൾ സാക്ഷിയാവുക. 2 ഇൻസാഗിമാർക്കും അവരുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ആവട്ടെ എന്നു പ്രതീക്ഷിക്കാം.