ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് വിജയം. ഷിമ്രണ്‍ ഹെറ്റ്മ്യറിന്റെ ശതകത്തിന്റെ(104*) മികവില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 289 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 47.4 ഓവറില്‍ 263 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ 360 റണ്‍സ് നേടിയിട്ടും വിന്‍ഡീസിനു പരാജയമായിരുന്നു ഫലം. വിന്‍ഡീസിനായി ഷെല്‍ഡണ്‍ കോട്രെല്‍ അഞ്ച് വിക്കറ്റ് നേടി.
ഓയിന്‍ മോര്‍ഗനും ബെന്‍ സ്റ്റോക്സും ക്രീസില്‍ നിന്നപ്പോള്‍ ഇംഗ്ലണ്ടിനു വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇരുവരും പുറത്തായ ശേഷം വിന്‍ഡീസ് കീഴടങ്ങുകയായിരുന്നു. 228/4 എന്ന നിലയില്‍ ആയിരുന്ന ഇംഗ്ലണ്ടിനു അടുത്ത ആറ് വിക്കറ്റ് 35 റണ്‍സ് നേടുന്നതിനിടയില്‍ നഷ്ടപ്പെടുകയായിരുന്നു. 60/3 എന്ന നിലയില്‍ നിന്ന് മോര്‍ഗനും സ്റ്റോക്സും ചേര്‍ന്ന് ടീമിനെ 159 റണ്‍സിലേക്ക് എത്തിച്ചു.
99 റണ്‍സ് കൂട്ടുകെട്ടിനു ശേഷം 70 റണ്‍സ് നേടി മോര്‍ഗന്‍ മടങ്ങിയെങ്കിലും പിന്നീട് ജോസ് ബട്‍ലറെ കൂട്ടുപിടിച്ച് സ്റ്റോക്സ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. 69 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ചേര്‍ത്ത ശേഷം കൂട്ടുകെട്ട് ജേസണ്‍ ഹോള്‍ഡര്‍ തകര്‍ത്തപ്പോള്‍ 79 റണ്‍സായിരുന്നു സ്റ്റോക്സിന്റെ സംഭാവന. തന്റെ അടുത്ത ഓവറില്‍ തന്നെ ബട്‍ലറെയും(34) ഹോള്‍ഡര്‍ മടക്കിയതോടെ ഇംഗ്ലണ്ടിന്റെ കാര്യം കഷ്ടത്തിലായി. ജോ റൂട്ടാണ്(36) ഇംഗ്ലണ്ട് നിരയില്‍ റണ്‍സ് കണ്ടെത്തിയ മറ്റൊരു താരം.
ഇംഗ്ലണ്ട് ടോപ് ഓര്‍ഡറിനെ തകര്‍ത്ത് പത്ത് റണ്‍സ് നേടുമ്പോളേക്കും രണ്ട് ഓപ്പണര്‍മാരെയും മടക്കി ഷെല്‍ഡണ്‍ കോട്രെല്‍ ആണ് മത്സരം വിന്‍ഡീസിന്റെ പക്ഷത്തേക്ക് തിരിച്ചത്. കോട്രെല്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ജേസണ്‍ ഹോള്‍ഡര്‍ രണ്ട് നിര്‍ണ്ണായക വിക്കറ്റുകള്‍ ഉള്‍പ്പെടെ സ്വന്തം വിക്കറ്റ് നേട്ടം മൂന്നായി ഉയര്‍ത്തി.
26 റണ്‍സ് ജയത്തോടെ വിന്‍ഡീസ് പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു.