ഇന്ന് ഐ ലീഗിൽ നടന്ന ഷില്ലോങ്ങ് ലജോങ്ങും മിനേർവ പഞ്ചാബും തമ്മിൽ ഉള്ള മത്സരത്തിൽ നടന്നത് ഐലീഗിന് തന്നെ നാണക്കേടായ സംഭവമാണ്. കളിയുടെ രണ്ടാം പകുതിയിൽ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് അനുവദിച്ചതിലും കൂടുതൽ വിദേശ താരങ്ങളെയാണ് കളത്തിൽ ഇറക്കിയത്. ഇത് റഫറിയുടെ പോലും ശ്രദ്ധയിൽ പെട്ടില്ല എന്നതും വിവാദമായി.
നാലു വിദേശ താരങ്ങളുമായാണ് ലജോങിനെതിരായ മത്സരം മിനേർവ ആരംഭിച്ചത്. അഞ്ചു വിദേശ താരങ്ങളെയാണ് ഐലീഗിൽ ഒരേ സമയം കളത്തിൽ ഇറക്കാൻ സാധിക്കുക.1-2 എന്ന സ്കോറിന് പിറകിലായിരുന്ന മിനേർവ പഞ്ചാബ് 46ആം മിനുട്ടിൽ മൂന്ന് സബ്റ്റിട്യൂഷനുകൾ ആണ് നടത്തിൽ. മൂന്ന് ഇന്ത്യൻ താരങ്ങളെ പിൻവലിച്ച് മിനേർവ ഇറക്കിയത് രണ്ട് വിദേശ താരങ്ങളെയും ഒരു ഇന്ത്യൻ താരത്തെയും ആണ്. അതോടെ മിനേർവയ്ക്ക് കളത്തിൽ ആറ് വിദേശ താരങ്ങളായി.
ഇത് റഫറിയുടെയോ എതിർ ടീമിന്റെയോ ശ്രദ്ധയിൽ പെട്ടില്ല. രണ്ട് മിനുട്ടോളം കളി തുടർന്നപ്പോൾ മിനേർവ ടീം തന്നെയാണ് ഇത് റഫറിയെ അറിയിച്ചത്. തുടർന്ന് റഫറി മിനേർവയുടെ ഒരു വിദേശ താരമായ ബാലയെ കളത്തിൽ നിന്ന് പുറത്താക്കി. പകരം ഇന്ത്യൻ താരത്തെ ഇറക്കാൻ അനുവദിച്ചുമില്ല. കളി പിന്നീട് 10 പേരുമായാണ് മിനേർവ കളിച്ചത്.
തുടക്കത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിൽ പോയ മിനേർവ കളിയുടെ പകുതി സമയത്തോളം 10 പേരുമായാണ് കളിച്ചത് എങ്കിലും പൊരുതി സമനില പിടിക്കാൻ അവർക്കായി. കളി 2-2 എന്ന നിലയിലാണ് അവസാനിച്ചത്. നിയമ പ്രകാരം അനുവദിച്ചതിൽ കൂടുതൽ താരങ്ങളെ കളത്തിൽ ഇറക്കിയാൽ മൂന്ന് പോയന്റ് കുറച്ച് എതിരാളികളെ വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്യുക. അങ്ങനെയൊരു തീരുമാനം മിനേർവയ്ക്ക് എതിരെ ഉണ്ടാകുമോ എന്ന് കണ്ടറിയാം.