അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ സീസണ് നാളെ തുടക്കമാകും. ഒതുക്കുങ്ങൽ അഖിലേന്ത്യാ സെവൻസിലൂടെയാണ് ഏവരും കാത്തു നിന്ന സെവൻസ് സീസണ് തുടക്കമാകുന്നത്. പതിവായി നവംബറിൽ ആരംഭിക്കാറുണ്ടായിരുന്ന സെവൻസ് സീസണ് ഇത്തവണ വൈകിയാണ് ആരംഭിക്കുന്നത്. റംസാൻ നേരത്തെ എത്തുന്നത് കൊണ്ട് ഇത്തവണ സീസൺ വേഗം അവസാനിക്കാനും സാധ്യതയുണ്ട്.
ഒതുക്കുങ്ങൾ സെവൻസിൽ ഒരു വമ്പൻ പോരാട്ടത്തിലൂടെയാണ് സീസണ് ഉദ്ഘാടനമാകുന്നത്. സെവൻസ് ലോകത്തെ എക്കാലത്തെയും മികച്ച ക്ലബായ അൽ മദീന ചെർപ്പുളശ്ശേരി ഉദയ പറമ്പിൽ പീടിക അൽമിൻഹാലിനെ ആണ് നാളെ നേരിടുന്നത്. കഴിഞ്ഞ സീസണിൽ വലിയ നിരാശ ആയിരുന്നു അൽ മദീനയ്ക്ക് സമ്പാദ്യം. ആ നിരാശ മാറ്റി പ്രതാപത്തിലേക്ക് തിരിച്ചുവരാൻ ആണ് അൽ മദീന ശ്രമിക്കുന്നത്. പഴയ അൽ മിൻഹാൽ വളാഞ്ചേരിയാണ് ഉദയ പറമ്പിൽപീടികയായി എത്തുന്നത്.
ഇത്തവണ നിയമങ്ങളിൽ ചെറിയ മാറ്റങ്ങൾ സെവൻസ് ഫുട്ബോൾ അസോസിയേഷൻ കൊണ്ടുവന്നിട്ടുണ്ട്. സമനിലയായ മത്സരങ്ങൾ മറ്റൊരു ദിവസത്തേക്ക് മാറ്റി വെക്കുന്നത് ഇനി സെവൻസ് ഫുട്ബോളൊൽ നടക്കില്ല. സമനില ആയാൽ പെനാൾട്ടി ഷൂട്ടൗട്ടോ, അല്ലായെങ്കിൽ ടോസ് വഴിയോ വിജയികളെ കണ്ടെത്തണം എന്നതാണ് ഇത്തവണത്തെ നിയമം. മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കാം എന്ന നിയമം ഇത്തവണയും തുടരും.