ബാഴ്‌സലോണയുടെ പ്രകടനം ഈ സീസൺ അവസാനിക്കുന്നതിന് മുൻപ് മെച്ചപെട്ടില്ലെങ്കിൽ പരിശീലകൻ ക്വിക്ക് സെറ്റിയനെ ഈ സീസണിന്റെ അവസാനത്തോടെ പുറത്താക്കുമെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഈ സീസണിന്റെ അവസാനത്തോടെ പരിശീലകനെ പുറത്താക്കാൻ ബാഴ്‌സലോണ ആലോചിക്കുന്നതായ വാർത്തകൾ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസം ലാ ലിഗയിൽ സെൽറ്റ വീഗയോട് സമനിലയിൽ കുടുങ്ങിയ ബാർസിലോണ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിന് പിന്നിലായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇതോടെ ലീഗിൽ വെറും 6 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ പോയിന്റ് പട്ടികയിൽ റയൽ മാഡ്രിഡിന് 2 പോയിന്റിന്റെ ലീഡ് ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് സെറ്റിയൻ ബാഴ്‌സലോണയുടെ പരിശീലകനായി ചുമതലയേറ്റത്. അന്ന് പരിശീലകനായിരുന്ന ഏർനെസ്റ്റോ വാൽവെർദെയുടെ പകരക്കാരനായാണ് മുൻ റയൽ ബെറ്റിസ് പരിശീലകൻ കൂടിയായ സെറ്റിയൻ ബാഴ്‌സലോണയിൽ എത്തിയത്. അന്ന് രണ്ടര വർഷത്തെ കരാറിലായിരുന്നു സെറ്റിയൻ ബാഴ്‌സലോണയിൽ എത്തിയത്. എന്നാൽ ലാ ലിഗയിലും ചാമ്പ്യൻസ് ലീഗിലും മികച്ച മുന്നേറ്റം നടത്തിയില്ലെങ്കിൽ സെറ്റിയന്റെ പരിശീലക സ്ഥാനം തെറിക്കുമെന്ന് ഉറപ്പാണ്.