ഇറ്റാലിയൻ സീരി എയിൽ സാൻ സിറോയെ തീപിടിപ്പിച്ച മിലാൻ ഡാർബി സമനിലയിൽ കലാശിച്ചു. അത്യന്തം വാശിയേറിയ നിരന്തരം ആവേശം നിറച്ച മത്സരത്തിൽ എ.സി മിലാനും ഇന്റർ മിലാനും ഓരോ വീതം ഗോളുകൾ നേടി സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ ഇരു ടീമുകളും എല്ലാ മേഖലകളിലും ഏതാണ്ട് തുല്യത പുലർത്തിയത് ആണ് കാണാൻ ആയത്. ഈ സീസണിൽ മാത്രം ഇന്ററിൽ എത്തിയ മുൻ എ.സി മിലാൻ താരം ഹകൻ ചാഹനോളുവിനെ വീഴ്ത്തിയ കെസി 11 മിനിറ്റിൽ പെനാൽട്ടി വഴങ്ങിയതോടെ മിലാൻ പ്രതിരോധത്തിലായി. കാണികളുടെ നീണ്ട കൂവലുകൾ വകവക്കാതെ പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ തന്റെ ഗോൾ ആഘോഷിക്കുക കൂടി ചെയ്തു. ഗോൾ വഴങ്ങിയതോടെ എ.സി മിലാൻ ഉണർന്നു. 17 മത്തെ മിനിറ്റിൽ ടൊണാലിയുടെ ഫ്രീകിക്ക് പ്രതിരോധിക്കാനുള്ള ഇന്ററിന്റെ ഡച്ച് താരം ഡി റിജിന്റെ ശ്രമം സ്വന്തം വലയിൽ പതിച്ചതോടെ മിലാൻ സമനില ഗോൾ കണ്ടത്തി.
എന്നാൽ 27 മത്തെ മിനിറ്റിൽ ഡാർമിയനെ ബെല്ലോ ടോറെ ബോക്‌സിൽ വീഴ്ത്തിയതോടെ ഇന്ററിന് രണ്ടാം പെനാൽട്ടി അനുവദിക്കപ്പെട്ടു. ഇത്തവണ ഹകന് പകരം ലൗടാര മാർട്ടിനസ് ആണ് ഇന്ററിന്റെ പെനാൽട്ടി എടുത്തത്. എന്നാൽ ഇത് രക്ഷിച്ച മിലാന്റെ റോമാനിയൻ ഗോൾ കീപ്പർ തതരസാനു അവരെ മത്സരത്തിൽ നിലനിർത്തി. തുടർന്ന് ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും നിരന്തര ശ്രമം ആണ് കാണാൻ ആയത്. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളിൽ എ.സി മിലാൻ കൂടുതൽ അപകടകാരികൾ ആയി. 83 മത്തെ മിനിറ്റിൽ ഇബ്രമോവിച്ചിന്റെ മികച്ച ഫ്രീകിക്ക് ഹാന്റനോവിച് രക്ഷിച്ചപ്പോൾ സലമേകർസിന്റെ അതുഗ്രൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റീ ബൗണ്ട് കെസി പുറത്തേക്കും അടിച്ചു. ഇടക്ക് റെബിച്ചും ഇന്ററിനെ പരീക്ഷിച്ചു. മറുപുറത്ത് ഹകനും സംഘവും മിലാനെയും പരീക്ഷിച്ചു. സമനിലയോടെ ലീഗിൽ ഒന്നാമതുള്ള നാപ്പോളിക്കും എ.സി മിലാനും ഒരേ പോയിന്റുകൾ ആണ് ഉള്ളത്. അതേസമയം മിലാനു 7 പോയിന്റുകൾ പിറകിൽ മൂന്നാമത് ആണ് ഇന്റർ ഇപ്പോൾ.