എ.എസ് റോമയെ സമനിലയിൽ തളച്ചു സസുവോള,അറ്റലാന്റക്ക് പരാജയം

20221110 012002

ഇറ്റാലിയൻ സീരി എയിൽ എ.എസ് റോമയെ 1-1 നു സമനിലയിൽ തളച്ചു സസുവോള. ഏതാണ്ട് എല്ലാ വിഭാഗങ്ങളിലും ഇരു ടീമുകളും തുല്യത പാലിച്ച മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സസുവോളയാണ് തുറന്നത്. ഗോൾ രഹിതമായ ഭൂരിഭാഗം സമയത്തിനും ശേഷം 80 മത്തെ മിനിറ്റിൽ റോമയാണ് മത്സരത്തിൽ മുന്നിലെത്തിയത്. 2 മാസത്തെ സീരി എ ഗോൾ വരൾച്ചക്ക് അന്ത്യം കുറിച്ച ടാമി എബ്രഹാം ജിയാൻലൂക്ക മാഞ്ചിനിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ റോമക്ക് മുൻതൂക്കം സമ്മാനിച്ചു. എന്നാൽ അഞ്ചു മിനിറ്റിനുള്ളിൽ സസുവോള മത്സരത്തിൽ ഗോൾ തിരിച്ചടിച്ചു. അർമണ്ട് ലോറിയെന്റെയുടെ പാസിൽ നിന്നു ആന്ദ്രയെ പിനമൊണ്ടിയാണ് അവർക്ക് സമനില ഗോൾ സമ്മാനിച്ചത്.

എ.എസ് റോമ
എ.എസ് റോമ

ജേഴ്‌സി ഊരി ഗോൾ ആഘോഷിച്ചതിനു താരത്തിന് മഞ്ഞ കാർഡും റഫറി നൽകി. സമനിലയോടെ റോമയുടെ സമീപകാലത്തെ മോശം ഫോം തുടരുകയാണ്. നിലവിൽ റോമ അഞ്ചാം സ്ഥാനത്തും സസുവോള 13 സ്ഥാനത്തും ആണ്. അതേസമയം തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ലെകെയോട് അറ്റലാന്റ പരാജയം ഏറ്റുവാങ്ങി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു അറ്റലാന്റയുടെ പരാജയം. മത്സരത്തിൽ 28 മത്തെ മിനിറ്റിൽ ഫെഡറിക്കോ ബാഷ്ചിറോറ്റോ, 30 മത്തെ മിനിറ്റിൽ ഫെഡറിക്കോ ഡി ഫ്രാൻസെസ്കോ എന്നിവരുടെ ഗോളുകൾ ആണ് ലെകെക്ക് വിലപ്പെട്ട ജയം സമ്മാനിച്ചത്. 40 മത്തെ മിനിറ്റിൽ സപാറ്റ ഒരു ഗോൾ മടക്കിയെങ്കിലും സമനിലക്ക് ആയുള്ള രണ്ടാം ഗോൾ കണ്ടത്താൻ അറ്റലാന്റക്ക് ആയില്ല. നിലവിൽ പരാജയപ്പെട്ടു എങ്കിലും അറ്റലാന്റ നാലാം സ്ഥാനത്ത് തുടരുകയാണ് അതേസമയം 16 സ്ഥാനത്തേക്ക് കയറാൻ ലെകെക്ക് ആയി.