ജയത്തോടെ ലാസിയോ സീരി എയിൽ ഒന്നാമത്

Wasim Akram

ഇറ്റാലിയൻ സീരി എയിൽ ജയക്കുതിപ്പ് തുടർന്ന് ലാസിയോ. ബോളോഗ്നയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോല്പിച്ചതോടെ ലാസിയോ സീരി എയിൽ ഒന്നാമത് എത്തി. യുവന്റസിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച അവർ നിലവിൽ 2 പോയിന്റുകൾ മുകളിൽ ആണ്. കൊറോണ വൈറസ് ഭീഷണി കാരണം പല മത്സരങ്ങളും സീരി എയിൽ മാറ്റി വച്ച ആഴ്‌ച കൂടിയായിരുന്നു ഇന്ന്. ആദ്യ പകുതിയിൽ 3 മിനിറ്റിനുള്ളിൽ നേടിയ ഇരട്ടഗോളുകൾ ആണ് ലാസിയോക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിൽ കൂടുതൽ പന്ത് കൈവശം വച്ചതും ഷോട്ടുകൾ ഉതിർത്തതും എതിരാളികൾ ആണെങ്കിലും മത്സരത്തിന്റെ 18 മിനിറ്റിൽ ലാസിയോ മത്സരത്തിൽ മുന്നിലെത്തി.

പ്രത്യാക്രമണത്തിൽ ഇമ്മോബൈലിന്റെ പാസിൽ നിന്ന് ലൂയിസ് ആൽബർട്ടോ ആയിരുന്നു അവർക്ക് ലീഡ് നൽകിയത്. തുടർന്ന് 3 മിനിറ്റിനുള്ളിൽ ആൽബർട്ടോയുടെ പാസിൽ കൊറേയോ അവരുടെ ലീഡ് 2 ആയി ഉയർത്തി. തുടർന്ന് എതിരാളികളെ നന്നായി പ്രതിരോധിച്ച അവർ ജയം ഉറപ്പിച്ചു. നിലവിൽ 26 മത്സരങ്ങളിൽ നിന്ന് ലാസിയോക്ക് 62 പോയിന്റുകൾ ഉള്ളപ്പോൾ 25 കളികളിൽ നിന്ന് യുവന്റസിന് 60 പോയിന്റുകൾ ആണ് ഉള്ളത്. മൂന്നാമത് ഉള്ള ഇന്റർ മിലാനു ആവട്ടെ 24 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുകൾ ആണ് ഉള്ളത്. നിലവിൽ 12 മത്സരങ്ങൾ ലീഗിൽ കളിക്കാൻ ബാക്കിയുള്ള ലാസിയോക്ക് യൂറോപ്യൻ മത്സരങ്ങൾ ഇല്ല എന്നത് വലിയ മുൻതൂക്കം ആവും കിരീടപോരാട്ടത്തിൽ നൽകുക.