റോമയിലെ തന്റെ ആദ്യ തോൽവി വഴങ്ങി ജോസെ മൗറീന്യോ. സീരി എയിൽ വെറോണയാണ് റോമയെ ആവേശകരമായ മത്സരത്തിൽ 3-2 നു അട്ടിമറിച്ചത്. മത്സരത്തിൽ റോമയെക്കാൾ ഏതാണ്ട് എല്ലാ മേഖലകളിലും വെറോണ നേരിയ മുൻതൂക്കം വച്ച് പുലർത്തി. റിക് കാസ്ഡോർപിന്റെ പാസിൽ നിന്നു ലോറൻസോ പെല്ലഗ്രിനിയാണ് 36 മിനിറ്റിൽ റോമക്ക് ആദ്യ ഗോൾ സമ്മാനിക്കുന്നത്. മധ്യനിരയിൽ സീസണിൽ പെല്ലഗ്രിനി നേടുന്ന മറ്റൊരു ഗോളായി ഇത്. എന്നാൽ രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ തന്നെ വെറോണ തിരിച്ചടിച്ചു. അന്റോണിൻ ബരാക് ആണ് അവർക്ക് സമനില ഗോൾ സമ്മാനിക്കുന്നത്.
തുടർന്ന് മൂന്നു മിനിറ്റിനുള്ളിൽ ഇവാൻ ഇലിസിച്ചിന്റെ പാസിൽ നിന്നു ജിയാൻലൂക്ക വെറോണക്ക് മത്സരത്തിൽ മുൻ തൂക്കം നൽകി. എന്നാൽ നാലു മിനിറ്റിനു ശേഷം സെൽഫ് ഗോൾ വഴങ്ങിയ ഇലിസിച്ചിനിലൂടെ റോമ മത്സരത്തിൽ സമനില പിടിച്ചു. എന്നാൽ 63 മിനിറ്റിൽ സിമിയോണി നൽകിയ പന്തിൽ നിന്നു ഒരു അതുഗ്രൻ ഹാഫ് വോളിയിലൂടെ മാർകോ ഫെരയോണിക്ക് മൗറീന്യോക്ക് റോമയിലെ ആദ്യ പരാജയം സമ്മാനിച്ചു. തോൽവി വഴങ്ങിയെങ്കിലും നാലു കളികളിൽ നിന്നു 9 പോയിന്റും ആയി റോമ ലീഗിൽ രണ്ടാമത് ആണ്. അതേസമയം സീസണിലെ ആദ്യ ജയം നേടിയ വെറോണ ലീഗിൽ 14 സ്ഥാനത്തേക്ക് ഉയർന്നു.