ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. മുമ്പ് നടന്ന മത്സരത്തിൽ ജയവുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന എ.സി മിലാനും ആയുള്ള അകലം ജയത്തോടെ 2 പോയിന്റുകൾ ആയി നിലനിർത്തി ഇന്റർ മിലാൻ. അപകടകാരികൾ ആയ ഉഡിനെസെയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്റർ മിലാൻ മറികടന്നത്. ഇന്ററിന് നേരിയ ആധിപത്യം കണ്ട മത്സരത്തിൽ അവരെ ഇടക്ക് പരീക്ഷിക്കാൻ ഉഡിനെസെക്ക് ആയിരുന്നു. ആദ്യ പകുതിയിൽ നേടിയ ഗോളുകൾ ആണ് ഇന്റർ മിലാനു ജയം നൽകിയത്. ഫെഡറിക്കോ ഡിമാർകോയുടെ പാസിൽ നിന്നു പന്ത്രണ്ടാം മിനിറ്റിൽ ഇവാൻ പെരിസിച് ആണ് ഇന്ററിന് ആദ്യ ഗോൾ സമ്മാനിച്ചത്.
39 മത്തെ മിനിറ്റിൽ ചെകോയിനെ മാരി വീഴ്ത്തിയതിനു വാറിലൂടെ റഫറി പെനാൽട്ടി അനുവദിച്ചു. തുടർന്ന് പെനാൽട്ടി എടുത്ത ലൗടാരോ മാർട്ടിനസിന്റെ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങി. പോസ്റ്റിൽ നിന്നു ഗോളിയുടെ ദേഹത്ത് തട്ടി വന്ന റീ ബൗണ്ട് ഗോൾ ആക്കി മാറ്റിയ മാർട്ടിനസ് ഇന്ററിന് രണ്ടാം ഗോൾ സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ ഒരു ഗോൾ ഉഡിനെസെ തിരിച്ചടിച്ചു. ഡിലോഫയുടെ ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഉഡോഗിയുടെ പാസിൽ നിന്നു ഇഗ്നാസിയോ പുസെറ്റയാണ് ഇന്റർ പ്രതിരോധം ഭേദിച്ചത്. തുടർന്ന് വിദാൽ പന്ത് ഇന്ററിന് ആയി വലയിൽ എത്തിച്ചു എങ്കിലും അത് ഓഫ് സൈഡ് വിധിക്കപ്പെട്ടു. പിന്നീട് ഗോൾ വഴങ്ങാതെ ഇന്റർ ജയം ഉറപ്പിക്കുക ആയിരുന്നു. നിലവിൽ 3 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ എ.സി മിലാനും ഇന്റർ മിലാനും തമ്മിലുള്ള കിരീട പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്.