ഇറ്റാലിയൻ സീരി എയിൽ കിരീട പ്രതീക്ഷ നിലനിർത്തി ഇന്റർ മിലാൻ. സ്പെസിയെക്ക് എതിരെ ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് ഇന്റർ മിലാൻ ജയം കണ്ടത്. മത്സരത്തിൽ വലിയ ആധിപത്യം ഇന്ററിന് തന്നെ ആയിരുന്നു. 31 മത്തെ മിനിറ്റിൽ ഡാനീല്യോയുടെ പാസിൽ നിന്നു മാർസെലോ ബ്രോസോവിച് ആണ് ഇന്ററിന് ആദ്യ ഗോൾ സമ്മാനിച്ചത്. തുടർന്നു 71 മത്തെ മിനിറ്റിൽ ആണ് ഇന്റർ തങ്ങളുടെ ജയം ഉറപ്പിച്ച ഗോൾ നേടിയത്. ഇവാൻ പെരിസിച്ചിന്റെ പാസിൽ നിന്നു പകരക്കാനായി ഇറങ്ങിയ ലൗടാര മാർട്ടിനസ് ആണ് ഇന്ററിന്റെ രണ്ടാം ഗോൾ നേടിയത്.
88 മത്തെ മിനിറ്റിൽ മഗിയൊരെ ഒരു ഗോൾ മടക്കിയതോടെ ഇന്ററിന് അവസാന നിമിഷങ്ങൾ ആശങ്ക നിറഞ്ഞത് ആയി. എന്നാൽ 93 മത്തെ മിനിറ്റിൽ മാർട്ടിനസിന്റെ പാസിൽ നിന്നു മറ്റൊരു പകരക്കാനായി ഇറങ്ങിയ അലക്സിസ് സാഞ്ചസ് ഗോൾ നേടിയതോടെ ഇന്റർ മിലാൻ ജയം ഉറപ്പിച്ചു. ജയത്തോടെ 32 കളികളിൽ നിന്നു 69 പോയിന്റുകൾ നേടിയ ഇന്റർ കിരീട പോരാട്ടത്തിൽ എ.സി മിലാനും നാപോളിക്കും കടുത്ത വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. കിരീടം നിലർത്താൻ ഇന്ററിന് ആവുമോ എന്നു വരും മത്സരങ്ങൾ ഉത്തരം നൽകും.