ത്രിപാഠിയുടെ മികവിൽ പാട്ടും പാടി വിജയിച്ച് സൺറൈസേഴ്സ്, മാര്‍ക്രത്തിന്റെയും മികവാര്‍ന്ന ഇന്നിംഗ്സ്

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് 176 എന്ന ശ്രമകരമായ സ്കോര്‍ അനായാസം മറികടക്കുവാന്‍ ടീമിനെ സഹായിച്ചത് രാഹുല്‍ ത്രിപാഠിയുടെയും എയ്ഡന്‍ മാര്‍ക്രത്തിന്റെയും ഇന്നിംഗ്സുകളാണ്. 3 വിക്കറ്റ് നഷ്ടത്തിൽ 17.5 ഓവറിലാണ് സൺറൈസേഴ്സിന്റെ ഈ വിജയം.

21 പന്തിൽ നിന്നാണ് ത്രിപാഠി തന്റെ അര്‍ദ്ധ ശതകം തികച്ചത്. എയ്ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ച് താരം ടീമിന്റെ സ്കോര്‍ അനായാസം നൂറ് കടത്തുകയായിരുന്നു. മത്സരം അവസാന ഏഴോവറിലേക്ക് കടന്നപ്പോള്‍ വെറും 63 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.

54 പന്തിൽ 94 റൺസ് നേടിയ കൂട്ടുകെട്ടിനെ ആന്‍ഡ്രേ റസ്സൽ ആണ് തകര്‍ത്തത്. 37 പന്തിൽ 71 റൺസ് നേടിയ ത്രിപാഠിയെ 15ാം ഓവറിൽ റസ്സൽ പുറത്താക്കുമ്പോള്‍ സൺറൈസേഴ്സിന് 34 പന്തിൽ 43 റൺസ് മതിയായിരുന്നു. ത്രിപാഠി പുറത്തായ ശേഷം എയ്ഡന്‍ മാര്‍ക്രം മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ താരം 31 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച സൺറൈസേഴ്സിനെ വിജയത്തിനരികിലേക്ക് എത്തിച്ചു.

68 റൺസുമായി പുറത്താകാതെ നിന്ന മാര്‍ക്രം പാറ്റ് കമ്മിന്‍സിനെ 18ാം ഓവറിൽ ഒരു ഫോറും രണ്ട് സിക്സും പറത്തിയാണ് സൺറൈസേഴ്സിന്റെ മിന്നും വിജയം നേടിക്കൊടുത്തത്.