പാബ്ലോ ഡിബാലയുടെ 89 മത്തെ മിനിറ്റ് പെനാൽട്ടിയിൽ ഇന്റർ മിലാനു എതിരെ തോൽവി ഒഴിവാക്കി യുവന്റസ്. സാൻ സിറോയിൽ നടന്ന ഇറ്റാലിയൻ വമ്പന്മാരുടെ പോരാട്ടത്തിൽ ഏതാണ്ട് സമാനമായ പ്രകടനം ആണ് ഇരു ടീമുകളും പുറത്ത് എടുത്തത്. മത്സരത്തിന്റെ 17 മിനിറ്റിൽ എദൻ ജെക്കോയിലൂടെ ഇന്റർ മിലാൻ ആണ് മത്സരത്തിൽ മുൻതൂക്കം നേടുന്നത്. ഹകന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ അത് വലൻ കാലൻ അടിയിലൂടെ വലയിലാക്കിയ ബോസ്നിയൻ താരം ഇന്റർ മിലാനു മുൻതൂക്കം നൽകുക ആയിരുന്നു. അവസാന എട്ടുകളികളിൽ നിന്നു ജെക്കോ നേടുന്ന ഏഴാം ഗോൾ ആയിരുന്നു ഇത്. തുടർന്ന് ആദ്യ പകുതിയിൽ മത്സരം 1-0 നു അവസാനിപ്പിക്കാൻ സിമിയോണ ഇൻസാഗിയുടെ ടീമിന് ആയി. രണ്ടാം പകുതിയിൽ തുടക്കത്തിൽ യുവന്റസ് പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കാൻ ഇന്ററിന് ആയി. ഇടക്ക് മൊറാറ്റക്ക് തനിക്ക് ലഭിച്ച അവസരം മുതലാക്കാൻ ആയില്ല.
തുടർന്ന് 65 മിനിറ്റിൽ ഡിബാലയെയും, കിയേൽസയെയും ഒരുമിച്ച് ഇറക്കിയ അല്ലഗ്രിനി യുവന്റസിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തി. തുടർന്നു യുവന്റസ് നിരന്തരം ആക്രമണം നടത്തുന്നത് ആണ് കാണാൻ ആയത്. ഇടക്ക് ഡിബാലയുടെ ഫ്രീക്കിക്കിൽ നിന്നു അപകടം ഒഴിവാക്കാൻ ഇന്റർ പ്രതിരോധത്തിന് ആയി. ജയം പിടിക്കും എന്ന ഇന്റർ പ്രതീക്ഷകൾക്ക് വിരുദ്ധമായി ആണ് 87 മിനിറ്റിൽ അവർ പെനാൽട്ടി വഴങ്ങുന്നത്. അലക്‌സ് സാൻഡ്രോയെ ബോക്‌സിൽ വീഴ്ത്തിയ ഡമ്ഫ്രീസിന്റെ ഫൗൾ വാറിലൂടെ പെനാൽട്ടി ആയി വിധിക്കുക ആയിരുന്നു. തുടർന്ന് പെനാൽട്ടി അനായാസം ലക്ഷ്യം കണ്ട ഡിബാല യുവന്റസിനു അർഹിച്ച സമനില സമ്മാനിക്കുക ആയിരുന്നു. 1995 നു ശേഷം ഇന്ററിന് എതിരെ തുടർച്ചയായ മൂന്നു കളികളിൽ ഗോൾ നേടുന്ന ആദ്യ താരമായി ഇതോടെ അർജന്റീനൻ താരം മാറി. നിലവിൽ ഒമ്പതു മത്സരങ്ങൾക്ക് ശേഷം ഇന്റർ മിലാൻ മൂന്നാം സ്ഥാനത്തും യുവന്റസ് ആറാം സ്ഥാനത്തും ആണ്.